കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഗുളിക കഴിച്ച സജ്‌നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ നിരീക്ഷണത്തിലാണ് സജ്‌നയിപ്പോൾ. ഗുരുതരാവസ്‌ഥയിൽ അല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിരിയാണി വിൽപ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വലിയ വാർത്തയായിരുന്നു സിനിമാ താരങ്ങൾ അടക്കം നിരവധി പേർ സജ്നയ്ക്ക് സഹായവുമായി എത്തുകയും ചെ്യതു.

എന്നാൽ തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാൻസ്‍വുമണ്‍ ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു. ഒപ്പമുള്ള ആളിനോട് സജ്‌ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവർ പുറത്തുവിട്ടിരുന്നു തുടർന്നാണ് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.

വഴിയരികിൽ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താൻ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്നയ്ക്ക് പിന്തുണയുമായി എത്തി.

വിവിധയിടങ്ങളിൽ നിന്നും സജ്നക്ക് പിന്തുണ ഏറിയതോടെ സജ്നയുടെ കച്ചവടം നല്ലനിലയിൽ ഉയരുകയും ചെയ്തു. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 500-ഓളം ബിരിയാണികളാണ് വിൽക്കുന്നതെന്ന് സജ്ന തന്നെ പറഞ്ഞിരുന്നു. തെരുവിലെ ബിരിയാണി വിൽപ്പനയില്‍ നിന്ന് ഹോട്ടൽ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്ന. ഇതിനിടെയാണ് സജ്നയ്ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാൻസ്‍വുമണ്‍ രംഗത്തെത്തിയത്.