തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍  ട്രാൻസ്‍ജൻഡറുകളെ പൊലീസ് അകാരണമായി ഉപദ്രവിക്കുന്നതായി പരാതി. മന്ത്രി കെ കെ ശൈലജയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ട്രാൻജൻഡറുകള്‍ ഡിഐജി ഓഫീസിലേക്ക് മാര്ച്ച് നടത്തി. പരാതിയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. തൃശ്ശൂര്‍ നഗരത്തില്‍ രാത്രിസമയങ്ങളില്‍ ട്രാൻസ്‍ജൻഡറുകളെ പുറത്തു കണ്ടാല്‍ പൊലീസ് അടിച്ചോടിക്കുന്നു, അസഭ്യം പറയുന്നു, താമസിക്കുന്ന സ്ഥലത്ത് വന്നും ഉപദ്രവിക്കുന്നു. ഇതാണ് ഇവരുടെ പരാതി.

ഇക്കാര്യത്തില്‍ ഒരു പരിഹാരം വേണമെന്ന ആവശ്യത്തില്‍ ഇതുവരെ നടപടിയായില്ല. ഇതേതുടര്‍ന്നാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നുളള ട്രാൻസ്‍ജൻഡറുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രശ്നത്തില്‍ ഇടപെടാമെന്ന ഡിഐജിയുടെ ഉറപ്പില്‍ പിന്നീട് സമരക്കാര്‍ പിരിഞ്ഞു പോയി. രണ്ടു ദിവസത്തിനകം തീരുമാനമായില്ലങ്കില്‍ തൃശ്ശൂര്‍ ഈസ്റ്റ് സിഐ ലാല്‍ കുമാറിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. എന്നാല്‍ പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുന്നതിനാലാണ് കർശന നടപടി എടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.