തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് അഴിമതി ആരോപണത്തില്‍ ആക്രമണം ശക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടയം ലൈന്‍സ്, കോലത്തുനാട് പദ്ധതികളുടെ നിർമാണ ചുമതല ചീഫ് എൻജിനീയർക്ക് മാത്രം നൽകിയതിൽ ദുരൂഹതയുണ്ടെന്ന്  ചെന്നിത്തല  ആരോപിച്ചു. സ്റ്റെർലൈറ്റും ചീഫ് എൻജിനീയറും തമ്മിലുള്ള ബന്ധം ദുരൂഹമാണ്. നിരക്ക്  തീരുമാനിച്ചത് ആരുടെ നിർദേശപ്രകാരമെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതേസമയം പ്രതിപക്ഷ നേതാവ് അനാവശ്യ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കെഎസ്ഇബിയിലെ ഒരു ഉദ്യോഗസ്ഥൻ തയ്യാറാക്കി കൊടുത്ത കുറിപ്പ് വായിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും അധിക തുകയ്ക്ക് ടെന്‍ഡര്‍ നല്‍കുന്നത് പതിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ കണക്കുകൾ സിഎജി പരിശോധിക്കുന്നതാണെന്നും ചെന്നിത്തലയുടെ ആരോപണം കാര്യമെയെടുക്കുന്നില്ലെന്നും വൈദ്യുതി മന്ത്രി എംഎം മണിയും പ്രതികരിച്ചു.

കിഫ്ബി ഫണ്ട് ഓഡിറ്റിംഗിന് സിഎജിക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍‍ വിസമ്മതിച്ച സാഹചര്യത്തിലാണ് അതേ ഫണ്ടുപയോഗിച്ച് നടത്തുന്ന ട്രാന്‍സ്ഗ്രിഡ് പ്രവര്‍ത്തിയിലെ വഴിവിട്ട ചെലവിനെക്കുറിച്ച് ആരോപണം ബലപ്പെടുന്നത്. അതേസമയം തുക വര്‍ധിപ്പിച്ച് നല്‍കിയതും ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രം ചുമതല നല്‍കിയതു അടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുന്നുമില്ല.