Asianet News MalayalamAsianet News Malayalam

KSRTC : കെഎസ്ആർടിസി പ്രതിസന്ധി; നാളെ മുതല്‍ ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണ്. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാൽ ശമ്പളം നൽകാനാവില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ധനമന്ത്രിയുമായി ഇന്നും ആശയ വിനിമയം നടത്തിയെന്നും ആന്‍റണി രാജു പറഞ്ഞു.

transport minister antony raju about ksrtc salary crisis
Author
Thiruvananthapuram, First Published May 19, 2022, 11:52 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാൽ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണ്. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാൽ ശമ്പളം നൽകാനാവില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ധനമന്ത്രിയുമായി ഇന്നും ആശയ വിനിമയം നടത്തിയെന്നും ആന്‍റണി രാജു പറഞ്ഞു. കൂടുതൽ പണം കിട്ടാൻ ഇന്ന് തന്നെ അപേക്ഷിക്കും. നാളെ ധനമന്ത്രിയെ നേരിട്ട് കാണുമെന്നും ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. സിഎന്‍ജി ബസുകൾ വാങ്ങുന്നത് സ്വിഫ്റ്റിനായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഏപ്രിൽ മാസത്തെ ശമ്പളത്തിനായി ജീവനക്കാർ മൂന്ന് വാരം കാത്തിരുന്നു. ശമ്പളം ഇനിയെന്ന് കിട്ടും എന്നതിന് ഒരുത്തരവും ഇല്ല. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകൾ സമ്മർദ്ദം കടുപ്പിച്ചതോടെ സർക്കാർ അനങ്ങിത്തുടങ്ങി. ശമ്പളത്തുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന  നിലപാടിൽ മാറ്റമുണ്ടകുമെന്ന സൂചന നൽകി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആർടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നൽകാൻ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു. 

നാളെ മുതൽ തന്നെ ശമ്പളം കൊടുക്കാൽ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രതിസന്ധിക്കിടയിലും സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കി. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്. ഏപ്രിൽ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവിൽ കെഎസ്ആര്‍ടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നത് ഒരു സിഎൻജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളിൽ ബസ് പ്രായോഗികമല്ലെന്ന വിമര്‍ശനം കെഎസ്ആര്‍ടിസിക്ക് അകത്ത് തന്നെയുണ്ട്. ഇന്ധന വില ഡീസലിനൊപ്പം ഉയര്‍ന്ന സാഹചര്യവും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. 

Also Read: KSRTC: 455 കോടിയുടെ സര്‍ക്കാര്‍ സഹായം, 700 CNG ബസ്സുകള്‍ വാങ്ങും

വരുമാനത്തില്‍ 'കെ സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്'; ഒരു മാസത്തെ കണക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍

സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകൾക്കായി സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ വരുമാനക്കണക്ക് പുറത്ത് വിട്ടു. ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്‍റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാല് സർവീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്. എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്.

നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസൺ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios