സത്യം പുറത്ത്, ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു, സന്തോഷം; ഗണേഷ് കുമാര്‍
ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കൊല്ലം: ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യുമെന്നും എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ..
സത്യം ഇപ്പോഴും മറഞ്ഞിരിക്കും..
അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്..
ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.'- കെ ബി ഗണേഷ് കുമാര്‍
അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി സഹോദരി ഉഷ കോടതിയിൽ പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണപ്പിള്ളയുടെ അവസാന കാലത്ത് ആരോഗ്യ നില മോശമായിരുന്നുവെന്നും ആ സമയത്ത് ഗണേഷ് കുമാർ വ്യാജ ഒപ്പിട്ട് സ്വത്ത് കൈക്കലാക്കിയതാണെന്നായിരുന്നു സഹോദരി ഉഷയുടെ ആരോപണം. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്.
എന്നാല്‍ ഒപ്പ് വ്യാജമാണെന്ന വാദം തള്ളിയാണ് ഫൊറന്‍സിക് ഡിപ്പാര്‍ട്മെന്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണ പിള്ളയുടേതെന്ന് കാട്ടി ഫോറൻസിക് ഡിപ്പാർട്മെന്റ് റിപ്പോർട്ട് സമർപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യീട്യൂബില്‍ കാണാം..