തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് ഗതാഗത മന്ത്രി ഇടപെട്ട് റദ്ദാക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേഷ്കുമാറിന്‍റെ ഉത്തരവ് ചട്ടം പാലിക്കാതെയാണെന്ന് ആക്ഷപമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

ജൂണ്‍ മാസം 7നാണ് മോട്ടാര്‍ വാഹന വകുപ്പില്‍ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. ജൂണ്‍ 10 മുതല്‍ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അപേക്ഷ  സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്ന ജൂണ്‍ 15ന് തന്നെ 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട ട്രാൻസ്പോർട്ട് കമ്മീഷണര്‍ സുദേഷ്കുമാര്‍ ഉത്തരവിറക്കി. 

പിഎസ്‍സി നിയമന ശുപാര്‍ശ ലഭിച്ചവരെ വിന്യസിക്കല്‍,ചെക്ക്പോസ്റ്റുകളിലെ തസ്തിക പുനര്‍വിന്യാസം, എന്നിവയാണ് കാരണങ്ങളായി ഉത്തരവില്‍ വിശദീകിരിച്ചിരുന്നത്. എന്നാല്‍ പൊതു സ്ഥലംമാറ്റത്തിനുള്ള നടപടി പുരോഗമിക്കവെ, സമാന്തരമായി ഉത്തരവിറക്കിയതിനെതിരെ വ്യാപക ആക്ഷേപമുയര്‍ന്നു. 

ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥരെയാണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിലേക്ക് നിയമിക്കേണ്ടതെന്ന മാനദണ്ഡവും ലംഘിക്കപ്പെട്ടു. ഇതിനിടെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് ടിപ്പര്‍ മാഫിയയുടെ സമ്മര്‍ദ്ദം മൂലമാണെന്നും ആക്ഷപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ട് സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കിയത്.