തിരുവനന്തപുരം: മുട്ടിൽ മരംമുറിയിലെ കളളക്കളി സർക്കാരിനെ അറിയിച്ചത് കൊച്ചിയിലെ കയറ്റുമതിക്കാർ. കഴിഞ്ഞ ഫെബ്രുവരി ആറിന് വനം വകുപ്പ് സിസിഎഫിന് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. റോജി അഗസ്റ്റിന്‍റെ സൂര്യ ടിംബേഴ്സിൽ നിന്ന് എത്തിയത് 18 ലക്ഷം രൂപയുടെ ഈട്ടി തടികളെന്നാണ് കത്തിലുള്ളത്. വിദേശത്തേക്ക് കയറ്റി അയക്കാനുളള ഫോം 3 ഉണ്ടായിരുന്നില്ലെന്നും പല തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കിയില്ലെന്നും  മലബാ‍ർ ടിമ്പേഴ്സ് പറഞ്ഞു.

രേഖകൾ നൽകാമെന്ന് പലതവണ പറഞ്ഞിട്ടും കൊണ്ടുവന്നില്ല. ഇതോടെയാണ് നിയമവിരുദ്ധമായ ഈട്ടിത്തടിയാണെന്ന് സംശയമുദിച്ചതെന്നും മലബാ‍ർ ടിമ്പേഴ്സ് വ്യക്തമാക്കി. ഇത് വനംവകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മലബാ‍ർ ടിമ്പേഴ്സിന്‍റെ കത്തിലുണ്ട്. ഇതിന് മറുപടിയായിട്ടാണ്  സിസിഎഫ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. അമേരിക്കയിൽ എത്തിച്ച് വയലിൻ ഉണ്ടാക്കാനാണ് ഈട്ടിത്തടി വാങ്ങിയതെന്നും മലബാർ ടിമ്പേഴ്സ് പറഞ്ഞു. ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ റോജി അഗസ്റ്റിന് നൽകിയിട്ടുണ്ടെന്നും പണം തിരികെ കിട്ടാൻ നിയമ നടപടിയും തുടങ്ങിയെന്നും മലബാർ ടിമ്പേഴ്സ് പറഞ്ഞു.