ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തിയിരുന്നത്. കൊവിഡ് നിയന്ത്രണം വന്നോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല. 

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സമ്പത്തിക പ്രതിസന്ധിയില്‍. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിനുള്ള സാധനങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതും പരിഗണനയിലുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തിയിരുന്നത്. കൊവിഡ് നിയന്ത്രണം വന്നോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല. ഇതോടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടി. 

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടില്ല. പകരം എസ്റ്റാബ്ലിഷ്മെന്‍റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ബോര്‍ഡിന്‍റെ കിഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യ ഉപയോഗത്തിന് അല്ലാത്ത സാധനങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. അവ ലേലം ചെയ്ത് നല്‍കി സമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് പുരോഗമിക്കയാണ്. അത്യവശ്യഘട്ടത്തില്‍ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കില്‍ പണയം വെക്കുന്ന കാര്യവും ദേവസ്വം ബോര്‍ഡ് പരിശോധിച്ച് വരികയാണ്.