ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്ന് മാനേജർ...
പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവം സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ. യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ വ്യക്തമാക്കി. അതേസമയം കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ഉല്ലാസയാത്ര പോയ ജീവനക്കാർ തിരിച്ചെത്തിയതായി സൂചന. റവന്യു മന്ത്രി അടക്കം കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ഉദ്യോഗസ്ഥർക്ക് അനുകൂലമായ നിലപടാണ് വിവിധ സംഘടനകൾക്ക്. സംഭവത്തിൽ ജില്ലാ കളക്ടർ ചൊവ്വാഴ്ച വിശദ റിപ്പോർട്ട് നൽകിയെക്കും.
പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് യാത്ര പോയതിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങിയിരുന്നു. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായപ്പോഴും യാത്ര തുടരുകയായിരുന്നു ഉദ്യോഗസ്ഥർ. അതേസമയം ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ ബുദ്ധിമുട്ടിലായ ജനത്തോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു.
എന്നാൽ എഡിഎമ്മിനെ രൂക്ഷമായി എംഎൽഎ വിമർശിച്ചു. എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. ഒരു ഓഫീസിലെ രഹസ്യസ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് സാധിക്കും. അതിനാലാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയത്.
സംഭവത്തിൽ ഇന്നലെ ഓഫീസിലെത്തിയ എംഎൽഎ ഹാജർ രജിസ്റ്റർ പരിശോധിച്ചിരുന്നു. തുടർന്ന് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒപ്പിടാത്തവരുടെ പേരിന് നേരെ ചുവന്ന മഷി കൊണ്ട് ലീവ് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെയാണ് എഡിഎമ്മിനെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. ഇദ്ദേഹം ഇന്നലെ ഓഫീസിലെത്തി ഹാജർ ബുക്ക് പരിശോധിച്ചിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടറെയാണ് വിശദമായ അന്വേഷണം നടത്താൻ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് സൂചന. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥരുടെ കൂട്ടഅവധിയെപ്പറ്റി അറിയാതെ നിരവധി സാധാരണ ജനങ്ങൾക്കാണ് ഓഫീസിലെത്തി കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നത്.
Read More : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി; തഹസിൽദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍
