തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് എസി. ബിജുലാൽ ഡിസംബർ മുതൽ പണം തട്ടി തുടങ്ങിയെന്ന് ഡിവൈഎസ്പി എം ജെ സുല്‍ഫിക്കര്‍  പറഞ്ഞു. 75 ലക്ഷം രൂപയാണ് പ്രതി ട്രഷറിയില്‍ നിന്ന് തട്ടിയതെന്നും  പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് ദിവസത്തെ ഒളിച്ചുകളിയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാല്‍ പൊലീസിന്‍റെ പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്‍റെ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ താന്‍ ട്രഷറിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു. 

നാല് ദിവസത്തിലേറെയായി പൊലീസ് അന്വേഷിക്കുന്ന ബിജുലാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന അവകാശവാദവുമായാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തന്‍റെ പാസ് വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പ് നടത്തിയാതാകാമെന്നും ബിജുലാല്‍ അവകാശപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ കീഴടങ്ങുകയായിരുന്നു ബിജുവിന്‍റെ ലക്ഷ്യമെങ്കിലും ഇതിന് മുമ്പുതന്നെ അറസ്റ്റ് നടന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം നിഷേധിച്ചുവെങ്കിലും അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചു. 

ഓണ്‍ലൈന്‍ ചീട്ടുകളിയിലുണ്ടായ നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും മുമ്പ് പലഘട്ടങ്ങളിലായി 75 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ബിജു സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജെ സുല്‍ഫിക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അറസ്റ്റിന് പിന്നാലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ബിജുവിനെ എത്തിച്ച് കൊവിഡ് പരിശോധന നടത്തി. നാളെയാകും കോടതിയില്‍ ഹാജരാക്കുക. ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ബിജുലാല്‍ രണ്ട് കോടി രൂപ തട്ടിയെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആർ. തട്ടിപ്പിന്‍റെ വ്യാപ്‍തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കമ്പ്യൂട്ടർ വിദ‌ഗ്‍ധന്‍ കൂടിയായ ബിജുലാൽ സോഫ്റ്റ്‍വെയര്‍ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്.

മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ്‍വേർഡ് ഉപയോഗിച്ചാണ് ബിജുലാൽ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.