തിരുവനന്തപുരം: ട്രഷറി വഴി ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച് . ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കും മുമ്പ് എഴുപത്തിയഞ്ചു ലക്ഷം രൂപ കൂടി താന്‍ മോഷ്ടിച്ചിരുന്നെന്ന് അറസ്റ്റിലായ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു. തട്ടിപ്പ് കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ട്രഷറി ഓഫീസിനും ട്രഷറി ഡയറക്ടറേറ്റിനും വീഴ്ച പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം ബിജുലാലിനെ പിടികൂടിയത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍  ട്രഷറി വഴി താന്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ ബിജു വെളിപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് 75 ലക്ഷം രൂപ  കവര്‍ന്നു കൊണ്ടാണ് തട്ടിപ്പ് തുടങ്ങിയതെന്ന് ബിജു സമ്മതിച്ചു. ഈ പണമുപയോഗിച്ച് ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങി. സഹോദരിയുടെ പേരില്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സും കൊടുത്തു. 

വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്‍ ഭാസ്കറിന്‍റെ യൂസര്‍ നെയിമും പാസ് വേര്‍ഡും മനസിലാക്കിയ ശേഷമാണ് ബിജു പണം തട്ടിയത്. താന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ ഭാസ്കര്‍ ബിജുവിന്‍റെ സഹായം തേടിയിരുന്നു. അന്നാണ് യൂസര്‍ നെയിമും പാസ് വേര്‍ഡും മനസിലാക്കിയത്. അതിനു ശേഷം ട്രഷറിയിലെ ക്യാഷ് കൗണ്ടറില്‍ നിന്ന് 60,000 രൂപയും ബിജു കട്ടു. പൊലീസില്‍ പരാതി നല്‍കുമെന്ന ഘട്ടമെത്തിയപ്പോള്‍ ക്യാഷ്യറുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചടച്ച് തടിയൂരുകയായിരുന്നു. 

തട്ടിപ്പ് നടത്തിയിട്ടില്ലെന്നും  തന്‍റെ പാസ് വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ പണം തട്ടിയതാകാമെന്നുമുളള ന്യായമാണ് അറസ്റ്റിലാകും മുമ്പ് ബിജു മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തിയത്.

ട്രഷറി കൗണ്ടറില്‍ നിന്ന് ബിജു പണം മോഷ്ടിച്ച സംഭവം പൊലീസില്‍ അറിയിക്കാതിരുന്നത് ജില്ലാ ട്രഷറി ഓഫിസിന്‍റെയും ട്രഷറി ഡയറക്ടറേറ്റിന്‍റെയും വീഴ്ചയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസര്‍ നെയിമും പാസ് വേര്‍ഡും മാറ്റാതിരുന്നതും ട്രഷറി വകുപ്പിലെ ഉന്നതരുടെ അലംഭാവത്തിന്‍റെ തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.