തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് തടയാൻ പുതിയ സംവിധാനങ്ങളൊരുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. സോഫ്റ്റ്‌വെയറിലെ പിഴവുകൾ ഉൾപ്പടെ പരിഹരിക്കാനുള്ള നടപടികൾ തട്ടിപ്പ് പുറത്ത് വന്ന് മൂന്ന് മാസം കഴിയുമ്പോഴും എങ്ങുമെത്തിയില്ല.

സോഫ്റ്റ്‌വെയറിലെ പഴുതുപയോഗിച്ചാണ് വഞ്ചിയൂർ സബ്ട്രഷറിയിലെ ഉദ്യോഗസ്ഥൻ ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നാണ് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തിയത്. അന്നത്തെ പ്രധാന നിർദ്ദേശം ബയോമെട്രിക് സംവിധാനം വകുപ്പിൽ കൊണ്ടുവരണമെന്നാണ്. പണമില്ലാത്ത അകൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്ന ഓവർഡ്രാഫ്റ്റ് സംവിധാനത്തിലെ പിഴവ് ഉടൻ പരിഹരിക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിന് ഒരു നീക്കവും ഇതുവരെയും തുടങ്ങിയിട്ടില്ല.

ആകെ വന്ന മാറ്റം മുദ്രപത്രങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറിൽ ഒടിപി സംവിധാനം കൊണ്ടുവന്നു എന്നത് മാത്രമാണ്. തിങ്കളാഴ്ച മുതൽ നടപ്പാക്കിയെങ്കിലും ഇപ്പോഴും സാങ്കേതിക പിഴവ് തുടരുന്നു. മറ്റ് സോഫ്റ്റവെയറിലെ പിഴവുകൾ അതേപടിയുണ്ട്.   പിഴവുകളെന്തൊക്കെയന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കാനാണ് ധനവകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥർ ഇത് ഇപ്പോഴും പരിശോധിക്കുകയാണ്. ഇതുവരെയും പിഴവെവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതായത് തട്ടിപ്പിന് ഇനിയും സാധ്യതയുണ്ടെന്നർത്ഥം.