പട്ടയഭൂമിയിൽ നിന്നും രാജകീയ മരങ്ങൾ മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥരും- കരാറുകാരും ചേർന്ന് മരം മുറിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്.

വയനാട്: സര്‍ക്കാര്‍ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെയും കരാർകാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. വിവിധ പട്ടയ- വന ഭൂമിയിൽ നിന്നും മരം മോഷ്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിൻറെ എഫ്ഐആറിൽ പറയുന്നുണ്ട്. റവന്യുപ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവ് മറയാക്കിയാണ് സംഭവം നടന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തുന്നു. 

പട്ടയഭൂമിയിൽ നിന്നും രാജകീയ മരങ്ങൾ മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥരും- കരാറുകാരും ചേർന്ന് മരം മുറിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രധാനപ്പെട്ട പരാമർശം. വിവിധ പട്ടയ ഭൂമികളിൽ നിന്നും വനം പുറമ്പോക്ക് ഭൂമിയിൽ നിന്നും മരംമുറിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ക്രൈംബ്രാഞ്ച് ആരംഭിച്ച കണ്‍ട്രോള്‍ റൂമിൽ മരംമുറിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്നുണ്ട്. ബത്തേരി, മീനങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ഓരോ കേസുകളും പ്രത്യേകം പരിശോധിക്കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. മരംമുറിച്ച് ഭൂമിയുടെ പട്ടയത്തിൻറെ സ്വഭാവം, മരംമുറിക്കാനും കടത്താനും റവന്യൂ- വനം ഉദ്യോഗസ്ഥർ നൽകിയ അനുമതി തുടങ്ങി ഓരോന്നും പരിശോധിച്ചാൽ മാത്രമേ ക്രമക്കേട് വ്യക്തമാവുകയള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നും തൃശൂരിൽ യോഗം ചേർന്നു. കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപകമാക്കാനാണ് തീരുമാനം. അതിനിടെ ഉത്തരവിറക്കിയതിൽ ഒരു തെറ്റും ഇല്ലെന്ന് റവന്യു മന്ത്രി ആവര്‍ത്തിച്ചു