മുട്ടില്‍ മരം മുറി കേസിലെ പ്രധാന പ്രതി റോജി അടക്കം മരം മുറിച്ചുമാറ്റിയ പത്തിലധികം ആളുകള്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. മരം ഒളിപ്പിച്ചിട്ടിരിക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

വയനാട്: വയനാട്ടിലെ മൂട്ടില്‍ സൗത്ത് വില്ലേജിലെ പൊന്തക്കാടുകളില്‍ മരം കൊള്ളക്കാര്‍ ഒളിപ്പിച്ചുവെച്ച ഈട്ടിമരങ്ങള്‍ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുക്കും. മുട്ടില്‍ മരം മുറി കേസിലെ പ്രധാന പ്രതി റോജി അടക്കം മരം മുറിച്ചുമാറ്റിയ പത്തിലധികം ആളുകള്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. മരം ഒളിപ്പിച്ചിട്ടിരിക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

മക്കിയാനികുന്ന് മുക്കം കുന്ന് പാക്കം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സംരക്ഷിത ഈട്ടിമരങ്ങള്‍ ഒളുപ്പിച്ചിട്ടിരിക്കുന്നുവെന്ന് വനംവകുപ്പ് ഉറപ്പിച്ചിട്ടുണ്ട്. മുറിച്ചത് ഡിസംബര്‍ ജനവുരി മാസങ്ങളിലാണെന്നാണ് പ്രാഥമിക നിഗമനം. ഈട്ടി മുറിച്ച സ്ഥലങ്ങളിലെല്ലാമെത്തി വനപാലകര്‍ ഭൂ ഉടമകളുടെ മൊഴി എടുത്തു. റോജി അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരം മുറിച്ചുമാറ്റിയെന്നാണ് ഭൂ ഉടമകള്‍ നല്കിയ മോഴി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഈട്ടി മരങ്ങളുടെ അളവടക്കം തിട്ടപ്പടെുത്തി മഹസര്‍ തയാറാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ന് മുഴുവന‍് മരങ്ങളും കസ്റ്റഡിയിലെടുക്കാനാണ് തീരൂമാനം. പിടികൂടുന്ന മരങ്ങള്‍ കുപ്പാടി ഡിപ്പോയിലേക്ക് മാറ്റും. ഇന്നുതന്നെ മരം മുറിച്ചുമാറ്റിയ റോജി അഗസ്റ്റിനും ഭൂ ഉടമകള്‍ക്കുമെതിരെ ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.

മുറിച്ച ചില മരങ്ങള്‍ ഡിസംബര്‍ ജനുവരി കാലയളവില്‍ ജില്ലക്ക് പുറത്തേക്ക് കടത്തിയിട്ടുണ്ടെന്ന സൂചന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതെകുറിച്ചും അന്വേഷണം തുടങ്ങികഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona