Asianet News MalayalamAsianet News Malayalam

ഓൺലൈൻ ട്രയൽ രണ്ടാഴ്ചയാക്കി സർക്കാർ; അതിനകം പരിമിതികൾ പരിഹരിക്കാമെന്ന് പ്രതീക്ഷ

ഒരാഴ്ച ട്രയലും അത് കഴിഞ്ഞ് ആദ്യം പ്രക്ഷേപണം ചെയ്ത ക്ലാസുകളുടെ പുനഃസംപ്രേക്ഷണവും എന്നായിരുന്നു സ‍ർക്കാർ ആദ്യം അറിയിച്ചിരുന്നത്. 

trial of online education extended one more week to fix issues
Author
Trivandrum, First Published Jun 3, 2020, 11:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ അധ്യയനത്തിന്റെ ട്രയൽ കാലാവധി ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനം. ജൂൺ ആദ്യവാരം ട്രയലും പിന്നീട് അടുത്ത ആഴ്ച ഈ ക്ലാസുകളുടെ പുനഃസംപ്രേഷണവും എന്ന രീതിയായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ട്രയൽ സമയം രണ്ടാഴ്ചയായി വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്. 

ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് അധ്യയന വർഷം ആരംഭിച്ചത് വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകളിലൂടെയായിരുന്നു. വലിയ പിന്തുണയും അഭിനന്ദനവും പദ്ധതിക്ക് ലഭിച്ചുവെങ്കിലും പലർക്കും ഈ ക്ലാസുകൾ അപ്രാപ്യമായിരുന്നു. പിന്നോക്ക വിഭാഗങ്ങളിലും ആദിവാസി ഊരുകളിലും എല്ലാം പെട്ട വിദ്യാർത്ഥികളിലേക്ക് ക്ലാസുകൾ എത്തുമോ എന്ന് തുടക്കത്തിൽ തന്നെ ആശങ്കയുണ്ടായിരുന്നു. 

ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരത്തോളം കുട്ടികളുണ്ടെന്ന റിപ്പോർട്ട് രണ്ടാഴ്ച മുമ്പ് വന്നിട്ടും ക്ലാസ് തുടങ്ങും മുമ്പ് ഇവരുടെ പ്രശ്നം തീർക്കാൻ സർക്കാറിന് കഴിഞ്ഞില്ലെന്നും മുന്നൊരുക്കങ്ങളിൽ സർക്കാറിനുണ്ടായ വീഴ്ചയുടെ രക്തസാക്ഷിയാണ് ദേവികയെന്ന് പ്രതിപക്ഷനേതാവടക്കം ആരോപിക്കുകയും ചെയ്തിരുന്നു. 

പഠനം ഓൺലൈനിലേക്ക് മാറുമ്പോൾ ഉയർന്ന പ്രധാന ആശങ്ക ടിവിയും കമ്പ്യൂട്ടറും സ്മാർട്ട് ഫോണുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്നതായിരുന്നു. വളാഞ്ചേരിയിലെ ദേവികയുടെ വീട്ടിൽ ഉണ്ടായിരുന്ന ടിവി കേടായി. സ്മാർട്ട് ഫോണുമില്ല. ഇതേ പോലുള്ള 2,61,784 കുട്ടികൾ സംസ്ഥാനത്താകെ ഉണ്ടെന്നായിരുന്നു സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തൽ. 

ഓൺലൈൻ പഠനത്തിന് മുമ്പ് തയ്യാറാക്കിയ റിപ്പോർട്ട്  സർക്കാറിന് രണ്ടാഴ്ച മുമ്പാണ് സർക്കാരിന് നൽകിയത്. ഇവർക്കായി സമീപത്തെ വായനശാലകളിലും അംഗനവാടികളിലുമൊക്കെ ടിവിയിലൂടെയും ലാപ് ടോപ്പ് വഴിയും ക്ലാസ് ഉറപ്പാക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ ഉറപ്പ് നൽകിയത്. പക്ഷെ പലയിടത്തും ക്ലാസ് തുടങ്ങും മുമ്പ് അതുണ്ടായില്ല.

ടിവിയില്ലാത്തവർക്ക് കെഎസ്എഫ്ഇ സഹായത്തോടെെ ടിവി വാങ്ങി അയൽപക്കപഠനകേന്ദ്രത്തിന് തീരുമാനമായതും ക്ലാസ് തുടങ്ങിയ ശേഷം മാത്രം. സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ കാര്യത്തിൽ പ്രധാന അധ്യാപകർ അടക്കം പ്രത്യേക ശ്രദ്ധ നൽകണമെന്ന് സർക്കാർ നി‍ർദ്ദേശം ഉണ്ടായിട്ടും ദേവിക പഠിച്ച സ്കൂൾ അധികൃതർക്കും അതിന് കഴിഞ്ഞില്ല.

കാസര്‍കോട്ടെ 30000ലേറെ വരുന്ന ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനായിട്ടില്ല. കന്നഡ തമിഴ് മീഡിയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാത്തത് ഇടുക്കി അടക്കമുളള ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ഓണ്‍ലൈന്‍ പഠനത്തിന് തടസം സൃഷ്ടിച്ചു. അതേസമയം,വയനാട്ടിലെയും അട്ടപ്പാടിയിലെയും ചില ആദിവാസി ഊരുകളില്‍ കുടുംബശ്രീ സഹായത്തോടെ സാമൂഹിക പഠന കേന്ദ്രങ്ങള്‍ തുടങ്ങി. 

രണ്ടാഴ്ച കൊണ്ട് പാകപ്പിഴകൾ പരിഹരിച്ച് ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ട് പോകാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios