ഇടുക്കി: പുസ്തകമെഴുത്തിന്‍റെ പേരിൽ ഊരുവിലക്ക് നേരിടുന്ന രണ്ട് പേർ. ആദിവാസി വിഭാഗത്തിൽപ്പെട്ട അധ്യാപകനായ പി കെ മുരളീധരനും, മറ്റൊരു ഊരിലെ മൂപ്പനായ ചിന്നത്തമ്പിയും. കാരണമൊന്നു മാത്രം, ഒരു പുസ്തകത്തിലെ ചില വാക്കുകൾ.

കേരളത്തിലാണിത് നടന്നത്. അതും, സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിൽ. ഇടമലക്കുടിയിലെ ഇരുപ്പുകല്ല് ഊരിലെ ഒരു ചായക്കടയിൽ പ്രവർത്തിച്ച് തുടങ്ങിയ ആ ചെറുലൈബ്രറിയുടെ നടത്തിപ്പുകാരായിരുന്നു ഇവർ രണ്ട് പേരും. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ ദേശീയശ്രദ്ധ നേടിയ ഇടമലക്കുടി ലൈബ്രറിയുടെ നടത്തിപ്പുകാർ.

കേരളത്തിൽ മുഖ്യധാരയിൽ നിന്ന് ഭൂമിശാസ്ത്രപരമായും സാമൂഹ്യമായും ഏറ്റവുമധികം അകന്നുകിടക്കുന്ന ഇടമലക്കുടിയിൽ അക്ഷരവെളിച്ചം എത്തിച്ച പി കെ മുരളീധരനും ഇരുപ്പുകൽക്കുടി ഊരിന്‍റെ മൂപ്പൻ ചിന്നത്തമ്പിയും ഇന്ന് ഊരുകൾക്കെല്ലാം അന്യരാണ്. 

'ഇടമലക്കുടി ഊരും പൊരുളും' എന്ന പുസ്തകത്തിൽ മുതുവാൻ സമുദായത്തെ കുറിച്ച് മോശമായി എഴുതിയെന്ന് ആരോപിച്ചാണ് ഇടമലക്കുടിയിലെ ആദിവാസി സ്കൂളിലെ അധ്യാപകനും മാങ്കുളം സ്വദേശിയുമായ പി കെ മുരളീധരനെ ഊരുവിലക്കിയത്. 2014-ലാണ് മുരളീധരൻ ഈ പുസ്തകമെഴുതിയത്. ഇതിന് മുരളീധരനെ സഹായിച്ചതിന് മൂപ്പൻ ചിന്നത്തമ്പിയെയും ബുധനാഴ്ച ഊരുവിലക്കി. 

28 കുടിയിലെയും കാണിമാരും ഊരുമൂപ്പൻമാരും ചേർന്ന ഊരുകൂട്ടമാണ് വിലക്കേർപ്പെടുത്തിയത്.

ഇരുപത് വർഷം ഇടമലക്കുടി ഊരുകളിലെ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്ത പി കെ മുരളീധരൻ കഴിഞ്ഞ ഒരാഴ്ചയായി സ്കൂളിൽ ഒറ്റയ്ക്കാണ്. ഊരുവിലക്കിയതിൽ പിന്നെ കുട്ടികൾ സ്കൂളിലേക്ക് എത്തിയിട്ടില്ല. ഊരിന്റെ അതിർത്തിയിൽപോലും കണ്ടുപോകരുതെന്നാണ് ഭീഷണി. മാങ്കുളം സ്വദേശിയായ മുരളീധരൻ 2014ൽ ഏഴുതിയ പുസ്തകത്തെ ചൊല്ലിയാണ് ഊരുവിലക്ക്.

എന്നാൽ, സർക്കാർ പദ്ധതി നടത്തിപ്പിലെ വെട്ടിപ്പിനെ കുറിച്ച്  പരാതി നൽകിയതിൽ ചിലർക്കുള്ള പകയാണ് ഊരുവിലക്കിന് കാരണമെന്ന് മുരളീധരൻ പറയുന്നു.

ഊരുവിലക്കിന് ശേഷം ചിന്നത്തമ്പി വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. മക്കളെ പോലും കാണാനായിട്ടില്ല. ഭാര്യ മണിയമ്മയുമായി പേടിച്ചരണ്ടാണ് കുടിയിൽ കഴിഞ്ഞത്. 

പഞ്ചായത്തംഗങ്ങൾ എല്ലാം ഊരിലെ അംഗങ്ങളാണ്. അതിനാൽ പഞ്ചായത്തിന്റെ ഒരു സഹായവുമില്ല. ഊരുവിലക്കിന് ശേഷം ചിന്നതമ്പിയും മുരളീധരനും ചേർന്ന് നടത്തുന്ന ഊരിലെ ലൈബ്രറിയിലേക്ക് പോകാനുമായിട്ടില്ല. ഇരുവരും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇനി സർക്കാർ ഇടപെടലിൽ മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ.

ഊരുവിലക്കപ്പെട്ടവർക്ക് പറയാനുള്ളത്..

ഏഷ്യാനെറ്റ് ന്യൂസ് പി കെ മുരളീധരനും ചിന്നത്തമ്പിയുമായി നടത്തിയ പ്രത്യേക അഭിമുഖം കാണാം: