പൊട്ടിപ്പൊളിഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ പക്കല്‍ നിന്നും ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചെണ്ടകൾ പിടിച്ചെടുത്തു. ചെണ്ടകൾ കൊണ്ട് പോയി രണ്ട് മാസമായിട്ടും ഇതുവരേയും തിരിച്ച് കൊടുക്കാൻ പട്ടിക വര്‍ഗ വകുപ്പ് തയ്യാറായിട്ടില്ല
തിരുവനന്തപുരം: പെരിങ്ങമലയില്‍ (peringamala) നിലവാരം കുറഞ്ഞ ചെണ്ടകൾ (Chenda) നല്‍കി ആദിവാസികളെ പറ്റിച്ച പട്ടികവര്‍ഗ വകുപ്പിന്‍റെ കള്ളക്കളി വീണ്ടും. പൊട്ടിപ്പൊളിഞ്ഞവ മാറ്റി പുതിയത് നല്‍കാതെ അറ്റകുറ്റപ്പണി നടത്താനെന്ന പേരില്‍ ആദിവാസികളുടെ പക്കല്‍ നിന്നും ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചെണ്ടകൾ പിടിച്ചെടുത്തു. ചെണ്ടകൾ കൊണ്ട് പോയി രണ്ട് മാസമായിട്ടും ഇതുവരേയും തിരിച്ച് കൊടുക്കാൻ പട്ടിക വര്‍ഗ വകുപ്പ് തയ്യാറായിട്ടില്ല
പൊട്ടിപ്പൊളിഞ്ഞ ചെണ്ട നല്‍കി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വകുപ്പും ആദിവാസികളെ പറ്റിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ ഡിസംബര്‍ 26 നാണ്. പട്ടിക വര്‍ഗ വികസന വകുപ്പിന് പരാതി നല്‍കിയതിനും ഏഷ്യാനെറ്റ് ന്യൂസിനെ വാര്‍ത്ത അറിയിച്ചതിനും ഈ ആദിവാസി സ്ത്രികളെ നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം ഭീഷണിപ്പെടുത്തിയിരുന്നു.
ജനുവരി 9 ഞാറാഴ്ച.അവധി ദിവസമായ അന്ന് ഐറ്റിടിപി നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ റഹീം രണ്ട് ജീവനക്കാരുമായി പെരിങ്ങമല പോട്ടമാവിലെ ആദിവാസി കോളനിയിലെത്തി. പൊട്ടിപ്പൊളിഞ്ഞ ചെണ്ട അറ്റകുറ്റപ്പണി നടത്തി തരാം എന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ചെണ്ട മാറ്റി പുതിയത് വാങ്ങി നല്‍കണമെന്ന നിലപാടികള്‍ ആദിവാസി വനിതകള്‍ ഉറച്ച് നിന്നു. ഒടുവില്‍ ബലമായി ഇവിടെ നിന്ന് ചെണ്ടകള്‍ കൊണ്ട് പോയി. ചെണ്ട കൊണ്ട് പോയിട്ട് രണ്ട് മാസം കഴിഞ്ഞു. നിരവധി തവണ ഈ സ്ത്രീകള്‍ ചെണ്ടയ്ക്ക് വേണ്ടി വിളിച്ചെങ്കിലും പ്രോജക്ട് ഓഫീസര്‍ക്ക് മറുപടിയില്ല.വ ൻ അഴിമതി ഒളിപ്പിക്കാനാണ് ചെണ്ട കൊണ്ട് പോയതെന്ന് ചൂണ്ടിക്കാട്ടി പ്രോജക്ട് ഓഫീസര്‍ക്കെതിരെ ആദിവാസി വനിതകള്‍ പരാതി നല്‍കി.
അതേ സമയം ചെണ്ടകളുടെ അറ്റകുറ്റപ്പണി അവസാനിച്ചിട്ടില്ലെന്ന് പ്രോജക്ട് ഓഫീസര്‍ വിശദീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 3 ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി 6 ലക്ഷം രൂപ മാര്‍ച്ച് മൂന്നിനാണ് അനുവദിച്ചത്..പക്ഷേ വാങ്ങി നല്‍കിയതെല്ലാം ഉപയോഗ ശൂന്യമായ ചെണ്ടകളായിരുന്നു. ഉപജീവനം നഷ്ടപ്പെട്ട് ഒരു വര്‍ഷമായി ദുരിതത്തിലാണ് ഈ സ്ത്രീകള്‍.
Old Report: 'ഒന്ന് തൊട്ടാൽ പൊട്ടുന്ന ചെണ്ട', ആദിവാസി ഫണ്ടിൽ വാങ്ങിയ വാദ്യോപകരണങ്ങള്‍ ഒരു മാസത്തിൽ നശിച്ചു, ക്രമക്കേട്
ആറുലക്ഷം രൂപ മുടക്കി ആദിവാസികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (District Panchayat Office Thiruvananthapuram) വാങ്ങി നൽകിയ ചെണ്ടകൾ ഒരുമാസത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. ഒന്ന് കൊട്ടിയപ്പോൾ ചെണ്ടകൾ തകർന്നതോടെ കലാമേളകളിൽ പോലും പങ്കെടുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് ആദിവാസി സ്ത്രീകൾ (Tribal Women). തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ ഗ്രാൻഡ് ഇൻ എയ്ഡ് പദ്ധതിയിലൂടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗോത്ര കലാ സാസ്കാരിക സമിതികള്‍ക്ക് ശിങ്കാരി മേളം യൂണിറ്റ് തുടങ്ങാനായി ആറുലക്ഷം രൂപ മാര്‍ച്ച് മൂന്നിനാണ് അനുവദിച്ചത്.
തനിമ ഗോത്ര കലാവേദി, ശംഖൊലി കലാസമിതി, ശ്രിഭദ്ര കലാസമിതി എന്നിവര്‍ക്കായി 24 തരം വാദ്യോപകരങ്ങള്‍ നെടുമങ്ങാട് പട്ടികവര്‍ഗ പ്രോജക്ട് ഓഫീസര്‍ വാങ്ങി. ഉപയോഗിച്ച് ഒരു മാസം തികയുന്നതിന് മുമ്പേ ഉപകരണങ്ങള്‍ നശിച്ചു. ഉപകരണങ്ങള്‍ വിണ്ടുകീറി. പൂപ്പലുണ്ടായെന്നും വെയിലത്ത് വെച്ചാണ് പൂപ്പല് കളഞ്ഞതെന്നും ഇവര്‍ പറഞ്ഞു. മൂന്ന് സംഘങ്ങളിലായി ആകെ 50 വനിതകളാണുള്ളത്. തൊഴിലുറപ്പ് ജോലി ഉപേക്ഷിച്ചാണ് വാദ്യകല പഠിച്ചത്. ചെണ്ട കേടായതോടെ ആരും ഇവരെ പരിപാടികള്‍ക്ക് വിളിക്കുന്നില്ല. ഒരു വര്‍ഷമായി വരുമാനമില്ല. ഇനി ചെണ്ട നന്നാക്കണമെങ്കില്‍ ഒന്നിന് പതിനായിരം രൂപ വേണം. ആദിവാസി വനിതകള്‍ മുഖ്യമന്ത്രിക്കും പട്ടിക വര്‍ഗ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വച്ചത് കൊണ്ടാണ് ചെണ്ട പൊട്ടിയതെന്നാണ് പട്ടിക വര്‍ഗ പ്രോജക്ട് ഓഫീസറിന്‍റെ ഇക്കാര്യത്തിലെ വിശദീകരണം.
