കൊല്ലം കമ്മീഷണറുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും അറിയിച്ചു. വളളം മറിഞ്ഞ് ​ഗൗതം കൃഷ്ണയെ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ ഊർജിതമാക്കും. ഇടപെടുമെന്ന് ഉറപ്പ് നൽകി മന്ത്രിമാർ. വള്ളം മറിഞ്ഞ് കാണാതായ ​ഗൗതം കൃഷ്ണയുടെ അമ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി. ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അബ്ദുൾ ​ഗഫൂർ വ്യക്തമാക്കി. കൊല്ലം കമ്മീഷണറുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും അറിയിച്ചു. വളളം മറിഞ്ഞ് ​ഗൗതം കൃഷ്ണയെ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ഫലം കാണാത്തതിൽ അമ്മ രേഷ്മ നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും ഫിഷറീസ് ഉദ്യേഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി. കുത്തിയിരുന്ന് പ്രതിഷേധം തുടർന്ന രേഷ്‌മയുമായി വീണ്ടും ഉദ്യേഗസ്ഥർ ചർച്ച നടത്തി. നാളെ രാവിലെ മുതൽ വിദഗ്ധ സംഘം തെരച്ചിൽ നടത്തുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. 26 കാരനായ ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് ഏഴാം ദിവസമാണ്. ഗൗതത്തിൻ്റെ അച്ഛനും മുത്തച്ഛനും അപകടത്തിൽ മരിച്ചിരുന്നു.