Asianet News MalayalamAsianet News Malayalam

മുണ്ടേരിയിൽ കുടുങ്ങിയത് 220 ആദിവാസികൾ: കയറുകെട്ടി ഭക്ഷണമെത്തിച്ച് ഫയർഫോഴ്‍സ്

ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് മറുകരയിലുള്ള 4 ആദിവാസി കോളനികളിലുള്ളവർ ഒറ്റപ്പെട്ടത്.

tribal people trapped in Munderi
Author
Kerala, First Published Aug 10, 2019, 7:54 PM IST

മലപ്പുറം മുണ്ടേരിയില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട 220ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയ്യാറാകുന്നില്ല. മഴ ഇനിയും ശക്തമായാല്‍ ഏത് വിധേനയും ഇവരെ പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതോടെ മുണ്ടേരിക്ക് സമീപം അമ്പുട്ടാംപെട്ടിയില്‍ 50ലേറെ വീടുകള്‍ തകര്‍ന്നു.

നാലുദിവസമായി കനത്ത മഴ തുടരുകയാണ് മലപ്പുറം ജില്ലയില്‍. ഈ മഴയിലാണ് നിലമ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുണ്ടേരിയില്‍ ചാലിയാറിന് കുറുകെയുള്ള പാലം തകര്‍ന്നത്. ഇതോടെ അങ്ങേക്കരയില്‍ നാല് കോളനികളിലായുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട 200ലേറെപ്പേര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടായി. വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനികളിലുള്ളവരാണ് കുടുങ്ങി കിടക്കുന്നത്. ചാലിയാറില്‍ ഇനിയും മലവെള്ളപ്പാച്ചില്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഇവരെ എങ്ങനെയും പുറത്തെത്തിച്ച് ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. 

എന്നാല്‍ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ തങ്ങളുടെ ആവാസ വ്യവസ്ഥ വിട്ട് നാട്ടിലേക്കില്ലെന്ന് അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ പിൻവാങ്ങി. വലിയ കയറുകെട്ടി ഭക്ഷണം കോളനിയിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍. മഴ തുടര്‍ന്നാല്‍ നാളെ ഇവരെ തീര്‍ച്ചയായും ക്യാമ്പിലേക്ക് മാറ്റുമെന്നും നിലമ്പൂര്‍ തഹസീല്‍ദാര്‍ വ്യക്തമാക്കി. കോളനിക്കുള്ളില്‍ കുടുങ്ങിയ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനിലെ 15 ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

ചാലിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ മുണ്ടേരിക്ക് സമീപം അന്പുട്ടാംപെട്ടിയില്‍ 50ലേറെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 20ലേറെ വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല. ഇന്നലെ മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കിന് താഴെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേരെ കാണാതായിരുന്നു. സരോജിനി, മകന്‍റെ ഭാര്യ ഗീതു, ഒന്നരവയസുള്ള കുട്ടിയുമാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇവര്‍ക്കായി നാളെയും തെരച്ചില്‍ തുടരും. മലപ്പുറം ടൗണ്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

Follow Us:
Download App:
  • android
  • ios