പെരിന്തൽമണ്ണ: അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ഷോളയൂ‍ർ ബോഡിച്ചാള ഊരിലെ  രേഷ്മയെന്ന യുവതിയെയാണ് അക്രമി കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പന്ത്രണ്ടു വയസ്സുകാരനാണ് ആക്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബ്രിഡ്ജ് സ്കൂൾ അധ്യാപികയാണ് ആക്രമണത്തിനിരയായ രേഷ്മ. ഓൺലൈൻ ക്ലാസിന്  പോകുംവഴി  പുറകിൽ നിന്ന് ആക്രമിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ പ്രദേശത്തെ സ്വകാര്യ തോട്ടം തൊഴിലാളികളാണ് ആക്രമണത്തിന് പുറകിലെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രേഷ്മയെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലേ്ക് മാറ്റി. സ്വകാര്യ തോട്ടമുടമയുടെ സമ്മർദ്ദത്താൽ പൊലീസ് നടപടികൾവൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം ആക്രമിച്ചത് ആരെന്ന് വ്യക്തതയില്ലെന്ന നിലപാടിലാണ് ഷോളയൂർ  പൊലീസ്. 12കാരനാണ് രേഷ്മയെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് കിട്ടിയ വിവരമെന്നും തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് അലംഭാവമെന്നാരോപിച്ച് ആദിവാസി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അഗളിയിൽ റോഡുപരോധിച്ചു