Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ സ്ഥിതി ഗുരുതരം; ട്രിപ്പിൾ ലോക്ക് ഡൗണിന് സാധ്യത

ധർമ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേർക്കും അവർ വഴി രണ്ടുപേർക്കും കൊവിഡ് ബാധിച്ചത് സർക്കാർ ഗൗരവായി കാണുന്നു. 

Triple lockdown may implement in kannur
Author
Kannur, First Published May 30, 2020, 6:28 AM IST

കണ്ണൂര്‍: സംസ്ഥാന ശരാശരിയുടെ ഇരട്ടിപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി ഗുരുതരമെന്ന് സർക്കാർ. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങൾക്ക് ജാഗ്രതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

ധർമ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേർക്കും അവർ വഴി രണ്ടുപേർക്കും കൊവിഡ് ബാധിച്ചത് സർക്കാർ ഗൗരവായി കാണുന്നു. തലശ്ശേരി മാർക്കറ്റിൽ മീൻ വിൽപ്പനക്കാരനായ കുടുംബാംഗത്തിൽ നിന്നായിരുന്നു ഇവർക്കെല്ലാം കൊവിഡ് ബാധിച്ചത്. മാർക്കറ്റിലേക്ക് മീനുമായി ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. മാർക്കറ്റ് പൂർണമായും അടച്ചു. 

കണ്ണൂരിൽ ചികിത്സയിലുള്ള 93 കൊവിഡ് രോഗികളിൽ 25ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിലവിൽ കൊവിഡ് ഹോട്ട്‍സ്‍പോട്ടുകളാണ്. വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികൾ ഉണ്ടായാൽ ജില്ലയിൽ നിരോധനാഞ്ജ പ്രഖ്യാപിക്കും. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. 

ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകൾ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സംസ്ഥാന ശരാശരിയുടെ ഇരട്ടി ആളുകൾക്ക് സമ്പർക്കത്തിലൂടെ കൊവിഡ് പകർന്നതോടെ പഴയ രീതിയിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കലല്ലാതെ വേറെ വഴിയില്ലെന്ന് സർക്കാർ കരുതുന്നു.


 

Follow Us:
Download App:
  • android
  • ios