Asianet News MalayalamAsianet News Malayalam

Trissur Corporation : തൃശൂർ കോർപ്പറേഷന്റെ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ നീക്കം;എതിർപ്പുമായി സിപിഎം

സിപിഎം നിയന്ത്രണത്തിലുളള കൗണ്‍സില്‍ തൃശൂർ കോര്‍പ്പറേഷൻ ഭരിക്കുമ്പോഴാണ് വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള നീക്കം നടക്കുന്നത്

trissur mayor made draft report to convert corporations electricity wing to company
Author
Trissur, First Published Dec 5, 2021, 6:27 AM IST

തൃശൂർ: സംസ്ഥാനത്ത് വൈദ്യുതി (electricity)വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമായ തൃശൂർ കോർപ്പറേഷനു (trissur corporation)കീഴിലുള്ള വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ(company) നീക്കം. മേയർ ചെയർമാനായി തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് ലിമിറ്റഡ് എന്ന കമ്പനി രൂപവൽക്കരിക്കാനാണ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഇത്തരമൊരു കാര്യം അറിയില്ലെന്നും സിപിഎമ്മുമായി കൂടിയാലോചിക്കാതെയുളള മേയറുടെ നടപടി നടപ്പാക്കില്ലെന്നും ജില്ല നേതൃത്വം അറിയിച്ചു 

സിപിഎം നിയന്ത്രണത്തിലുളള കൗണ്‍സില്‍ തൃശൂർ കോര്‍പ്പറേഷൻ ഭരിക്കുമ്പോഴാണ് വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള നീക്കം നടക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ വൈദ്യുതി വിഭാഗം പ്രവര്‍ത്തിക്കുന്നത് മികച്ച ലാഭത്തിലാണ്. 1.12 കോടി യൂണിറ്റ് പ്രതിമാസം വാങ്ങിയാണ് കോർപ്പറേഷൻ വിതരണം ചെയ്യുന്നത്. കോർപ്പറേഷൻറെ അടിയന്തരാവശ്യങ്ങൾക്കുള്‍പ്പെടെയുളള പണം കണ്ടെത്തുന്നത് വൈദ്യുതി വിഭാഗത്തിൽ നിന്നാണ്. കമ്പനിയാക്കുന്ന നീക്കത്തിന്റെ ആദ്യപടിയായി മേയർ തയ്യാറാക്കിയ ഡ്രാഫ്റ്റ് കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസി. സെക്രട്ടറിക്ക് കൈമാറി. അടുത്ത സ്റ്റിയറിങ് കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയായി വെയ്ക്കാൻ ഡ്രാഫ്റ്റിൽ മേയർ കുറിപ്പ് നൽകിയിട്ടുണ്ട്. കരട് രേഖ തയ്യാറാക്കിയാലും കൗൺസിലിൻറെയും സർക്കാരിൻറെയും അനുമതി ലഭിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച മേയര്‍ എം കെ വര്‍ഗീസ് പല കാര്യങ്ങളും സിപിഎമ്മുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയുളള ഈ നീക്കത്തില്‍ സിപിഎം കടുത്ത അതൃപ്തിയിലാണ്.ഇക്കാര്യത്തില്‍ മേയറോട് വിശദീകരണം തേടാനാണ് ജില്ല നേൃത്വത്തിൻറെ തീരുമാനം.


 

Follow Us:
Download App:
  • android
  • ios