Asianet News MalayalamAsianet News Malayalam

മൂന്ന് തരം കള്ളക്കടത്ത് നടന്നു, മന്ത്രിമാർക്ക് സംഘവുമായി ബന്ധം; സ്വപ്ന ഇടനിലക്കാരി, സ‍ർക്കാരിനെതിരെ കസ്റ്റംസ്

വിമാനത്താവള സ്വർണക്കടത്ത് കേസിൽ 53 പേർക്ക് കസ്റ്റംസ് അന്വേഷണ സംഘം കാരണം കാണിക്കൽ നോട്ടീസ് അയച്ചു

Trivandrum Airport gold smuggling case Customs issues show cause notice to 53 people
Author
Thiruvananthapuram, First Published Jun 21, 2021, 4:33 PM IST

കൊച്ചി: വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ 53 പേർക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ്. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായാണ് നടപടി. സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കോൺസുൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകി. ഇതുവഴി പരിശോധന കൂടാതെ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്തുവെന്നാണ് ആരോപണം.

ഈ സുരക്ഷാ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് നയതന്ത്ര പാസ് നൽകിയെന്നും ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് പറയുന്നു. സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് ഒന്ന്. കോൺസുൽ ജനറൽ നടത്തിയ കള്ളക്കടത്താണ് രണ്ടാമത്തേത്. അനധിക്യത ഡോളർ വിദേശത്തേക്ക് കൊണ്ടുപോയതാണ് മൂന്നാമത്തേത്.

വിദേശത്തേക്ക് കൊണ്ടുപോയ ഡോളർ സംസ്ഥാനത്തെ ഉന്നത തലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾ കോൺസുൽ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രിമാർ അടക്കമുളളവരുമായി ബന്ധമെന്നും നോട്ടീസിൽ ആരോപിക്കുന്നുണ്ട്.

മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോൺസുൽ ജനറൽ, സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടു. മന്ത്രിമാരടക്കമുളളവർ പ്രോട്ടോകോൾ ലംഘിച്ച് കോൺസുലേറ്റുമായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോൾ ഓഫീസറോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഗുരുതരമായ ചട്ടലംഘനം സർക്കാരിലെ ഉന്നത പദവികൾ വഹിക്കുന്നവരിൽ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios