തിരുവനന്തപുരം/ ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി സംസ്ഥാനസർക്കാരും കോൺഗ്രസും. വിമാനത്താവളം അദാനിക്ക് തീറെഴുതുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്നും, ഇതിന്‍റെ പേരിൽ ബിജെപി കോടികളുടെ അഴിമതി നടത്തിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്രതീരുമാനത്തിനെതിരെ നിയമനടപടിയിലേക്ക് പോകുമെന്ന സൂചനയും കടകംപള്ളി നൽകി. 

അതേസമയം, കൊവിഡിന്‍റെ മറവിൽ തന്ത്രപ്രധാന മേഖലകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധം ഉയരണമെന്ന് മുൻ പ്രതിരോധമന്ത്രിയും മുഖ്യമന്ത്രിയുമായ എ കെ ആന്‍റണിയും ആവശ്യപ്പെടുന്നു. ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് എയർപോർട്ട് എംപ്ലോയീസ് യൂണിയൻ. 

സിയാലും കിയാലുമടക്കം ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി, വിമാനത്താവളങ്ങൾ നടത്തി പരിചയമുണ്ടെന്ന് പല തവണ ആവർത്തിച്ചിട്ടും, സംസ്ഥാനസർക്കാർ രൂപീകരിച്ച കമ്പനിക്ക് നൽകാതെ സ്വകാര്യകമ്പനിക്ക് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല നൽകിയെന്നത് അമ്പരപ്പിക്കുന്നതാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. കൊവിഡ് കാലത്ത് നടക്കുന്ന പകൽക്കൊള്ളയാണിത്. ഈ വിമാനത്താവളത്തിന്‍റെ കച്ചവടത്തിന്‍റെ പേരിൽ, ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയത്. 170 കോടിയാണ് വിമാനത്താവളത്തിന്‍റെ ലാഭം. പുതിയ ടെർമിനലിന് 600 കോടി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുടക്കാൻ ഇരുന്ന സമയത്താണ് ഈ കച്ചവടമെന്നും കടകംപള്ളി ആരോപിക്കുന്നു. റൺവേ വിപുലീകരുക്കാൻ 18 ഏക്കർ സ്ഥലം വാങ്ങാൻ പോവുകയാണ്. ഇതുൾപ്പടെയാണ് വിൽക്കാൻ പോകുന്നതെന്നും കടകംപള്ളി. 

കേന്ദ്രസർക്കാരിന്‍റെ ഈ നീക്കം വലിയ അഴിമതിയാണെന്നും പകൽക്കൊള്ളയാണെന്നും കടകംപള്ളി പറയുന്നു. ഇതിൽ എന്താണ് നിലപാടെന്ന് കേരളത്തിൽ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രി പറയണം. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഇതിനെയെല്ലാം മറികടന്നുള്ള കേന്ദ്രതീരുമാനം നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്. 

തുടർനടപടികൾ എന്തുവേണം എന്ന കാര്യം സംസ്ഥാനസർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്. എളുപ്പത്തിൽ വിമാനത്താവളം അങ്ങനെ സ്വകാര്യകമ്പനിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ തീവെട്ടിക്കൊള്ളയ്ക്ക് സംസ്ഥാനത്തെ ബിജെപി നേതൃത്വം മറുപടി പറയണം. ''കേന്ദ്രമന്ത്രി വി മുരളീധരന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേ? ഈ നീക്കത്തെ ജനകീയമായും നിയമപരമായും പ്രതിരോധിക്കും'', കടകംപള്ളി പറഞ്ഞു.

മുൻമുഖ്യമന്ത്രിയും കേന്ദ്രപ്രതിരോധമന്ത്രിയുമായിരുന്ന എ കെ ആന്‍റണിയും ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. കേന്ദ്രസർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണം. കൊവിഡിന്‍റെ മറവിൽ തന്ത്രപ്രധാനമേഖലകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധം ഉയരണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.

സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയനും പറഞ്ഞു. സമരവും നിയമ പോരാട്ടവും തുടരും. സുപ്രീംകോടതിയിൽ കേസ് തുടരുന്ന സാഹചര്യത്തിൽ കോടതിയെ ധിക്കരിച്ചാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും എംപ്ലോയീസ് യൂണിയൻ ആരോപിക്കുന്നു. 

എതിർപ്പിന് പുല്ലുവില; 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്