തിരുവനന്തപുരം: മലിനജലം കുടിവെള്ളമായി കൊടുക്കുന്ന ലോറികൾ തിരുവനന്തപുരം നഗരസഭ പിടികൂടി. ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് ഇവർ വെള്ളം നൽകിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും മേയർ വ്യക്തമാക്കി. ജലഅതോറിറ്റിയിൽ നിന്ന് വെള്ളമെടുക്കാൻ അനുമതിയുള്ള ടാങ്കർ ലോറികളാണ് തോട്ടിൽ വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാൻ കൊണ്ടുപോയത്. ദിവസം ഒരു പ്രാവശ്യം മാത്രം വാട്ടർ അതോറിറ്റിയിൽ നിന്ന് കുടിവെള്ളമെടുത്ത ശേഷമായിരിക്കും തട്ടിപ്പ്. 

മൂന്ന് ലോറികളാണ് നഗരസഭ ഹെൽത്ത് സ്‍ക്വാഡ് പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകൾ ഉൾപ്പടെ പ്രധാനസ്ഥാപനങ്ങിലേക്ക് വേണ്ടിയാണ് ഈ ലോറികൾ കുടിവെള്ളമെത്തിക്കുന്നതെന്നും എത് സ്ഥാപനങ്ങളിലേക്കാണ് കൊണ്ട് പോയതെന്ന് പരിശോധിച്ച് വരുകയാണെന്ന് മേയർ ശ്രീകുമാർ വ്യക്തമാക്കി. ലോറികൾക്ക് നഗരസഭ പിഴയിട്ടു. ക്രിമനൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇവർ കുടിവെള്ളമെത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയ ശേഷം അവരുടെ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി.