Asianet News MalayalamAsianet News Malayalam

നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കുന്നതിനെതിരെയുള്ള തടസഹർജികളിൽ അടുത്ത മാസം വിധി പറയും

കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ പക്ഷപാതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. 

Trivandrum court to make verdict on Assembly ruckus case
Author
Thiruvananthapuram, First Published Aug 31, 2021, 1:51 PM IST

തിരുവനന്തപുരം: നിയമസഭ കൈയാങ്കളികേസ് പിൻവലിക്കുന്നതിനെതിരെ നൽകിയ തടസ്സ ഹർജികളിൽ അടുത്ത മാസം ആറിന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നൽകിയ വിടുതൽ ഹർജികള്‍ക്കെതിരെ രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് തടസ്സ ഹർജികള്‍ നൽകിയത്. 

കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ പക്ഷപാതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു. അതിനാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹർജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിൻവലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷൻറെ മറുവാദം.

മുൻ വിധിയോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് പ്രോസിക്യൂഷനെ വിമർശിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭക്കുള്ളിൽ നടന്ന കൈയാങ്കളിയിൽ പൊതുമുതൽ നശിപ്പിച്ചതാണ് ആറ് എൽഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, സി.കെ. സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ പിൻവലിക്കാനായി സുപ്രീംകോടതിയിൽ ഹർജിയുമായി പോയ കേരള സർക്കാരിന് രൂക്ഷവിമർശനമാണ് അവിടെ നിന്നും കിട്ടിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios