യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ്.
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതായി ആരോഗ്യവകുപ്പ്. വയർ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കും. യുവതിക്ക് വിദഗ്ധ ചികിത്സ സർക്കാർ സഹായത്തോടെ ഉറപ്പാക്കും. അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ സർക്കാരുമായി ആലോചിക്കും. ട്യൂബ് തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നൽകും. നാല് ദിവസത്തിനകം മറുപടി നൽകാമെന്നും അഡിമിൻസ്ട്രേറ്റീവ് ചുമതലയുള്ള അഡീ. ഡിഎച്ച്എസ് ഡോ. കെ എസ് ഷിനു അറിയിച്ചു.
സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷമാണ് സുമയ്യയും കുടുംബവും അഡീഷണൽ ഡിഎച്ച്ഐസിനെ കണ്ട് സംസാരിച്ചത്. അഡിമിൻസ്ട്രേറ്റീവ് ചുമതലയുള്ള അഡീ. ഡിഎച്ച്എസ് ഡോ. കെ എസ് ഷിനു ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു.
2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങികിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതി വേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.


