ചവറ കെഎംഎംഎൽ ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ഹിയറിങ്. നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം അന്വേഷണ സംഘത്തിൻ്റെയും രണ്ടാമത് കുടുംബത്തിൻ്റെയും അസൗകര്യങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയെ തുടർന്ന് കൊല്ലം പൻമന സ്വദേശി വേണു മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും. ചവറ കെഎംഎംഎൽ ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ഹിയറിങ്. നേരത്തെ രണ്ട് തവണ മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം അന്വേഷണ സംഘത്തിൻ്റെയും രണ്ടാമത് കുടുംബത്തിൻ്റെയും അസൗകര്യങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിയാത്തതിനാൽ വീട്ടിലെത്തി മൊഴിയെടുക്കമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിന് ഡിഎംഇ ഓഫീസ് തയ്യാറായില്ല. അറിയിക്കുന്ന സ്ഥലത്ത് ഹാജരാകണമെന്നായിരുന്നു അധികൃതരുടെ നിലപാട്.

അടിയന്തര ആൻജിയോഗ്രാമിന് നവംബർ 1ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വേണു 5-ാം തീയതിയാണ് മരിച്ചത്. അഞ്ച് ദിവസം ആൻജിയോഗ്രാം നടത്താതെ അവഗണിച്ചെന്നും ചികിത്സയിൽ ഉണ്ടായ വീഴ്ചയാണ് മരണ കാരണമെന്നുമാണ് കുടുംബത്തിൻ്റെ പരാതി. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശമടക്കം പുറത്തുവന്നിരുന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മരിച്ച വേണു.