Asianet News MalayalamAsianet News Malayalam

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്

ട്രഷറി തട്ടിപ്പ് കേസിൽ ഡയറക്ടർ എ എം ജാഫറിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ധനകാര്യവകുപ്പ് നിയോഗിച്ച സമിതി കണ്ടെത്തിയത്. സബ് ട്രഷറിയിലെ സിസ്റ്റം അഡ‍്മിനിസ്ട്രേറ്റ‌ർ മുതൽ ചീഫ് കോർഡിനേറ്റർ വരെയുള്ളവർക്കും ശിക്ഷ താക്കീത് മാത്രം.

trivandrum treasury scam departmental action restricted to warning
Author
Trivandrum, First Published Jan 19, 2021, 8:49 PM IST

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ഡയറക്ടർ ചീഫ് കോർഡിനേറ്റർ ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ധനവകുപ്പാണ് താക്കീതിലൊതുക്കുന്നത്. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപ തട്ടിച്ച കേസിലാണ് ധനവകുപ്പിന്റെ നടപടി.

അപൂർവ്വമായാണ് ട്രഷറി ഡയറക്ടർക്കെതിരെ താക്കീത് വരുന്നത്. ട്രഷറി തട്ടിപ്പ് കേസിൽ ഡയറക്ടർ എ എം ജാഫറിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ധനകാര്യവകുപ്പ് നിയോഗിച്ച സമിതി കണ്ടെത്തിയത്. മേൽനോട്ടക്കുറവുണ്ടായി, തട്ടിപ്പിനെക്കുറിച്ച് സർക്കാരിനെയും പൊലീസിനെയും യഥാസമയം അറിയിച്ചില്ല, ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച വന്നു. ഇത്രയും ഗൂരുതരവീഴ്ച വരുത്തിയ ഡയറക്ടർക്ക് പക്ഷെ താക്കീത് മാത്രം. 

സബ് ട്രഷറിയിലെ സിസ്റ്റം അഡ‍്മിനിസ്ട്രേറ്റ‌ർ മുതൽ ചീഫ് കോർഡിനേറ്റർ വരെയുള്ളവർക്കും ശിക്ഷ താക്കീത് മാത്രം. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് മാറ്റിയില്ല, മേൽഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയില്ല എന്നിവയാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ വീഴ്ച. മേലുദ്യോഗസ്ഥരെ കൃത്യമായി കാര്യങ്ങൾ അറിയിച്ചിരുന്നുവെന്ന സബ്ട്രഷറി ഉദ്യോഗസ്ഥന്റെ വാദം ധനവകുപ്പ് തള്ളി. ജില്ലാ കോർഡ‍ിനേറ്റർക്കും സംസ്ഥാനതല ഉദ്യോഗസ്ഥനായ ചീഫ് കോർഡിനേറ്റർക്കും മേൽനോട്ടവീഴ്ചയുണ്ടായെന്നും കണ്ടെത്തിയെങ്കിലും ഇവർക്കും ഇനി ആവർത്തിക്കരുതെന്ന താക്കീത് മാത്രം. 

ഫലത്തിൽ ട്രഷറി സിസ്റ്റത്തിന്റെ തന്നെ സമ്പൂർണ്ണവീഴ്ചയാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഒരു ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടത് മാത്രമായി നടപടി ഒതുങ്ങുകയാണ്.

Follow Us:
Download App:
  • android
  • ios