തിരുവനന്തപുരത്ത് വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചിയൂരിൽ വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിലെ വിവരങ്ങൾ പുറത്ത്. സീനിയര്‍ അഭിഭാഷകന്‍ രണ്ട് തവണ ശ്യാമിലിയെ മര്‍ദ്ദിച്ചെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പറയുന്നു. ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണുവെന്നും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. തടഞ്ഞുവെക്കല്‍, സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിന്നാലെ കേസിലെ പ്രതിയായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പിടികൂടാൻ നഗരത്തിൽ പോലീസ് വ്യാപക തെരച്ചിൽ തുടങ്ങി.

ജൂനിയർ അഭിഭാഷകയായ ശ്യാമിലി, അഡ്വ. ബെയ്‌ലിൻ ദാസിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ശ്യാമിലിയെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരിച്ചെത്തിയ ശ്യാമിലി തന്നെ പിരിച്ചുവിട്ടതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ബെയ്‌ലിൻ ദാസ്, തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു എന്നുമാണ് അഡ്വ.ശ്യാമിലി ആരോപിക്കുന്നത്.

ശ്യാമിലിയുടെ സിടി സ്കാൻ പരിശോധന പൂർത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകിയിരുന്നു. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. പ്രതിയായ അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ആക്രമണം കണ്ടിട്ടും ബെയ്‌ലിൻ ദാസിൻ്റെ ഓഫീസിലെ ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഉടനെ അഭിഭാഷക ബന്ധുക്കളെ വിളിച്ചു വരുത്തിയപ്പോള്‍ ആരോപണ വിധേയനായ അഭിഭാഷകനെ അവിടെ നിന്ന് മാറ്റാനുള്ള സഹായം മറ്റുള്ളവർ ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍റെ സമീപത്താണ് അഭിഭാഷകന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ അവിടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയിരുന്നു.

YouTube video player