തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും തിരുത്തല്‍ വന്നത്. 

പൗരത്വ ഭേദഗതിയിൽ  തുടങ്ങി വാർഡ് വിഭജന ഓർഡിനൻസിൽ എത്തിനിൽക്കുന്ന, ഗവർണർ- സംസ്ഥാന സർക്കാർ പോര് സമൂഹമാധ്യമങ്ങളിലും ഇടം പിടിക്കുകയാണ്. ഏറ്റവും ഒടുവിൽ ഗവർണറുടെ വിക്കിപീഡിയ പേജിലാണ് ട്രോളന്മാരുടെ കളി. ഇന്ന് രാവിലെയാണ് അജ്ഞാത യൂസർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. ഉടൻ തിരുത്തിയെങ്കിലും പിന്നെയും ബിജെപി അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്തു. 

പതിനൊന്ന് തവണയാണ് ഗവ‍ർണറുടെ പേജിൽ ഇന്ന് തിരുത്തലും കൂട്ടിച്ചേർക്കലും നടന്നത്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാനസർക്കാർ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. ഗവർണർ ബിജെപി പ്രവർത്തകനെ പോലെ പ്രവർത്തിക്കുന്നുവെന്നാണ് ട്രോളുകളിൽ ഭൂരിപക്ഷവും. ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായെത്തിയ മിസോറാം ഗവർണർ ശ്രീധരൻപിള്ളയ്ക്കതിരെയും  ട്രോളുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഗവർണറെ ശരിവച്ചും ട്രോളന്മാരിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്.