യു ഡി എഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്കും. ആരോപണങ്ങൾ വന്നു കൊണ്ടേയിരിക്കുകയാണല്ലോയെന്നും പരിഹാസം 

മലപ്പുറം; സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്‍റെ സത്യാവസ്ഥ പുറത്തുവരണമെന്ന് പി,കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.യു ഡി എഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്കും. ആരോപണങ്ങൾ വന്നു കൊണ്ടേയിരിക്കുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെ നിന്ദിച്ച സംഭവം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്ക ഉണ്ടാക്കി.ഇന്ത്യയെ വിഭജിക്കുന്ന നടപടി ആണ്. ബി ജെ പി അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തിക്കുന്നു.ബിജെപി ഈ നീക്കത്തിന് ഫുൾസ് റ്റോപ്പിടണം.

പരിസ്ഥിതിലോല മേഖല ഒരു കിലോമീറ്ററായി നിശ്ചയിച്ചാൽ കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ ഇടമുണ്ടാകില്ല.കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രഏജൻസികൾ വിശദമായ അന്വേഷണം നടത്തണം; പി.ജെ.ജോസഫ്

സ്വപ്നയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവം ഉള്ളതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു..രണ്ടാമത് ഭരണം കിട്ടി എന്നതുകൊണ്ട് മുഖ്യമന്ത്രി നിരപരാധി ആകുന്നില്ല .സ്വപ്നയുടെ വെളിപ്പെടുത്തലോടെ കേസിന്‍റെ ഗൗരവം കൂടി.കേന്ദ്രഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

'ഇപ്പോൾ എന്‍റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയി', വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തന്‍റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ്. യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു - സ്വപ്ന പറയുന്നു. 

'എന്‍റെ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സരിത്തിന്‍റെയും പേരിലുള്ള ഭീഷണി ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ, പാലക്കാട്ടെ എന്‍റെ ഫ്ലാറ്റിൽ നിന്നാണ് സരിത്തിനെ ഒരു സംഘം പിടിച്ചുകൊണ്ട് പോയത്', എന്ന് സ്വപ്ന സുരേഷ് പറയുന്നു. 

ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്. 2016-ൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറൻസി കടത്തി, കോൺസുലേറ്റിൽ നിന്ന് ബിരിയാണിച്ചെമ്പിൽ സ്വർണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു. ഇതേ ആരോപണങ്ങൾ മുമ്പ് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഒരു സംഘമിപ്പോൾ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന ആരോപിക്കുന്നത്. 

'മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറ‌ഞ്ഞതല്ലേ...', ഒഴിഞ്ഞുമാറി മുഹമ്മദ് റിയാസ്

 മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ ജീവിതപങ്കാളിയുമായ മുഹമ്മദ് റിയാസ്. പ്രതികരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിച്ചതാണ്. അത് തന്നെയാണ് പാർട്ടി നിലപാട്. അതിൽക്കൂടുതൽ തനിക്കൊന്നും പറയാനില്ല - മുഹമ്മദ് റിയാസ്.

''മുഖ്യമന്ത്രി പ്രതികരിച്ചു, പാർട്ടി സെക്രട്ടറി പ്രതികരിച്ചു. അതിലപ്പുറം എന്ത് പറയാനാ..'', എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ''ഇതിപ്പോൾ ആദ്യമായിട്ടല്ലല്ലോ..'', എന്നും റിയാസ്. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണല്ലോ എന്ന് ആവർത്തിച്ചു മന്ത്രി.