കോഴിക്കോട്: ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് ടിടി ഇസ്മയിലിനെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താൻ നൽകിയ മുൻപത്തെ മൊഴിയിൽ വ്യക്തത തേടാനാണ് തന്നെ ഇഡി സംഘം വിളിപ്പിച്ചതെന്ന് ടിടി ഇസ്മായിൽ പ്രതികരിച്ചു. തന്നെ വിളിപ്പിച്ചതിന് ആശയുടെ മൊഴിയെടുപ്പുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. ആശയുമായി ഒരുമിച്ചിരുത്തി മൊഴി എടുത്തിട്ടില്ലെന്നും ഇസ്മയിൽ പറഞ്ഞു.

ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശ പ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വീട് പൊളിച്ചു കളയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 

കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങളാണ് ഇസ്മായിൽ ഇഡിക്ക് കൈമാറിയത്. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവൻ രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.