Asianet News MalayalamAsianet News Malayalam

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ വഴിത്തിരിവ്; ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്.

turning point in balussery mob attack case complaint against jishnu is given by DYFI worker
Author
Kozhikode, First Published Jun 24, 2022, 12:33 PM IST

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിലെ (Balussery) ആൾക്കൂട്ട മർദ്ദന കേസിൽ (Mob Attack Case) വൻ വഴിത്തിരിവ്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകനെ കേസിൽ നിന്നൊഴിവാക്കാൻ പൊലീസിന് മേൽ സമ്മർദ്ദം നടക്കുന്നുണ്ട്. എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് പറയുന്നു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. 

Follow Us:
Download App:
  • android
  • ios