സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് സ്ഥാപിച്ചതിൽ സിപിഎം അനുകൂല സംഘടനാ നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ സിപിഎം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ടിവി അനുപമ ഇക്കാര്യം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നൽകി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് കോടതിയെ അറിയിക്കണം എന്നാണ് ആവശ്യം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡൻറടക്കം രണ്ടുപേർക്കെതിരെ കേസെടുത്തതായി ഹൈക്കോടതിയിൽ പൊലീസ് അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ട് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിവി അനുപമ ഉദ്യോഗസ്ഥ‍ർക്കെതിരെ നടപടി ആവശ്യപ്പെട്ടത്.