യു ഡി എഫിന്‍റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. സി പി എമ്മിനെയും കോൺഗ്രസിനെയും പരിഹസിച്ച അദ്ദേഹം, കോർപ്പറേഷൻ ഭരണസമിതിയുടെ നേട്ടങ്ങൾ എടുത്തുപറയുകയും പ്രതിപക്ഷ നീക്കങ്ങളെ നേരിടുമെന്ന് വ്യക്തമാക്കുകയും ചെയ്തു

തിരുവനന്തപുരം: കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിൽ യു ഡി എഫിന്‍റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ് രംഗത്ത്. നാളെ തിരുവനന്തപുരം കോർപ്പറേഷൻ ജനറൽ കൗൺസിൽ യോഗം ചേരുമെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ നേരിടുമെന്നും വി വി രാജേഷ് വ്യക്തമാക്കി. ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി ജെ പി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതെന്നും ജനാധിപത്യപരമായ അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ള എല്ലാ നീക്കങ്ങളെയും പ്രതീക്ഷിച്ചും നേരിട്ടുമാണ് ഭരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സി പി എം നേതാക്കളാണ് കോർപ്പറേഷന്റെ പല സ്വത്തുക്കളും നിലവിൽ കൈകാര്യം ചെയ്യുന്നതെന്നും അതിൽ നിന്നുള്ള വരുമാനം അവർ സ്വന്തമാക്കുകയാണെന്നും രാജേഷ് കടുത്ത ആരോപണമുന്നയിച്ചു. ഈ വരുമാന ചോർച്ചയുടെ അടിവേരറുക്കാൻ ബി ജെ പി ഭരണസമിതി തീരുമാനിച്ചതോടെ സി പി എം വലിയ അങ്കലാപ്പിലാണ്. കോൺഗ്രസിന്റെ അവിശ്വാസ നീക്കത്തെ പരിഹസിച്ച മേയർ, കേരളത്തിലും 'ഇന്ത്യ' മുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവ് ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുകയാണ്. സി പി എം നേതാവായ എസ് പി ദീപക്ക് അവലോസുണ്ട നൽകുന്നില്ല. ജില്ലാ സെക്രട്ടറി വി ജോയി പിന്നിൽ നിന്ന് പിടിക്കുകയാണ്. എത്രയും വേഗം അവരുടെ പ്ലാൻ പറഞ്ഞാൽ നമുക്ക് മുന്നോട്ടുപോകാമായിരുന്നുവെന്നും മേയർ പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊടിവച്ചത് മേയറുടെ ഔദാര്യത്തിൽ

ശബരിനാഥ് കോൺഗ്രസ് പ്രതിപക്ഷ നേതാവായത് കൊണ്ടല്ല അവരുടെ സംഘടനക്ക് കോർപ്പറേഷനിൽ കൊടിവയ്ക്കാൻ പറ്റിയത്. മേയറുടെ ഔദാര്യം കൊണ്ടാണ് ഇതെന്നും രാജേഷ് ഓർമ്മിപ്പിച്ചു. പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേഷൻ ഭരണസമിതിയോട് ജീവനക്കാർ ചരിത്രത്തിലാദ്യമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും മൂന്ന് വർഷം കഴിയുമ്പോൾ മാനദണ്ഡപ്രകാരമുള്ള സ്ഥലമാറ്റങ്ങൾ ഉണ്ടാകുമെന്നും മേയർ കൂട്ടിച്ചേർത്തു. കോർപ്പറേഷന്റെ വികസന പദ്ധതികളെയും നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് സംസാരിച്ച മേയർ, തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ 30 ദിവസത്തിനുള്ളിൽ പൈലറ്റ് പ്രോജക്ടായി ഷെൽറ്റർ സംവിധാനം ഒരുക്കിയതായി വ്യക്തമാക്കി. നിലവിൽ പ്രതിദിനം 15 മുതൽ 20 വരെ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള (എ ബി സി) സൗകര്യം കോർപ്പറേഷനുണ്ട്. എന്നാൽ, ജില്ലാ പഞ്ചായത്തിന് കേന്ദ്രസർക്കാർ നൽകിയ മൊബൈൽ എ ബി സി യൂണിറ്റ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിട്ടുനൽകാൻ അവർ തയ്യാറായിട്ടില്ലെന്ന് മേയർ ആരോപിച്ചു. മാലിന്യസംസ്കരണത്തിനായി വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമാണെന്നും അതിനായി സ്ഥിരമായ സംവിധാനം നടപ്പാക്കുമെന്നും ഇടയ്ക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതാണ് ചില പദ്ധതികൾക്ക് താമസം വരുത്തിയതെന്നും മേയർ വിശദീകരിച്ചു.