Asianet News MalayalamAsianet News Malayalam

കേരളത്തിൽ സാമൂഹിക വ്യാപനമില്ല: ട്വിറ്ററിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി തത്സമയം മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ട്വിറ്ററിലെ ഔദ്യോഗിക പേജിൽ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ

Tweet Ask Pinarayi Viajayan Covid Kerala question answer twitter
Author
Thiruvananthapuram, First Published May 23, 2020, 12:11 PM IST

തിരുവനന്തപുരം: മഹാമാരിയെ എത്ര വേഗം പ്രതിരോധിക്കുന്നുവെന്നതാണ് പ്രധാനം. കേരളം തുടക്കത്തിൽ തന്നെ ഇതിനെ നേരിട്ടു.രോഗത്തെ നേരിടാനുള്ള എല്ലാ പ്രവർത്തനവും തുടക്കത്തിൽ തന്നെ ആരംഭിച്ചു. കേരളത്തിലിപ്പോഴും സാമൂഹിക വ്യാപനമില്ല. 75 ശതമാനം പേരും രോഗമുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സ്ട്രീമിങ് പലവട്ടം തടസ്സപ്പെട്ടു.

കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. ഇതിനും വളരെ മുൻപ് തന്നെ കേരളം എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നേട്ടത്തിന്റെ ക്രഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മോഡൽ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുള്ളതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റമാണ് കേരളത്തിന്റെ ഇന്നത്തെ നിലവാരത്തിന് കാരണം. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് കേരളത്തിന്റേത്. 

ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. സമുഹമൊന്നാകെ പ്രയത്നിച്ചതാണ് കേരളത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ സംസ്ഥാനത്താരും പട്ടിണിയിലേക്ക് പോകില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ കേരളം പല വെല്ലുവിളികളും അതിജീവിച്ചു. ഓഖി, നിപ്പ, രണ്ട് പ്രളയം എന്നിവയാണിവ. കൊവിഡ് 19 നെ മറികടക്കാനുള്ള ശേഷിയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ഭക്ഷണശാലകളും തിയേറ്ററുകളും എപ്പോഴാണ് തുറക്കുകയെന്ന ചോദ്യത്തിന് കേന്ദ്ര നിർദ്ദേശ പ്രകാരമാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വാക്സിൻ കണ്ടെത്തുകയോ, മഹാമാരിയെ പൂർണ്ണമായി നേരിടുകയോ ചെയ്യുന്നത് വരെ ജാഗ്രത വേണ്ടതുണ്ട്. സാമ്പത്തിക തിരിച്ചടിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പലർക്കും വരുമാനം ഇല്ലാതായി. അത് നേരിടുന്നതിനുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്. എല്ലാ തത്പരകക്ഷികളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ വെല്ലുവിളികളെ നേരിടുന്നത് വരെ സമാധാനത്തോടെ കാത്തിരിക്കണം.

അതിഥി തൊഴിലാളികൾ കേരളത്തിൽ ധാരാളമുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി സംസ്ഥാനം നടപടിയെടുത്തു. 20000 ക്യാംപുകളിൽ മൂന്ന് ലക്ഷം അതിഥി തൊഴിലാളികൾക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങൾ കേരളം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ അതിഥി തൊഴിലാളികൾ മാനസികമായ പ്രയാസങ്ങളും നേരിടുന്നുണ്ട്. ഇത് മറികടക്കാനുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020 ൽ തന്നെ ഈ മഹാമാരിയെ മറികടക്കാമെന്ന ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വീണ്ടും പ്രളയമുണ്ടായാൽ?

സാധാരണ നിലക്ക് നമ്മുടെ ജീവിതത്തിൽ അതിന്റെ സാധാരണ ഒഴുക്കനുസരിച്ച് കാര്യങ്ങൾ പോകണമെന്നാണ് ആഗ്രഹിക്കുക. എന്നാൽ പ്രതിസന്ധി വന്നാൽ അത് മുറിച്ച് കടന്നേ പറ്റൂ. അതിന് അടിയറവ് പറഞ്ഞാൽ നമ്മൾ കീഴ്പ്പെട്ട് പോകും. ഒരു നാട് എന്ന നിലക്ക് ഇതേ നിലപബാടാണ് സ്വീകരിക്കുന്നത്. പ്രതിസന്ധി വന്നാൽ അതിനെ അതിജീവിക്കാനുള്ള സ്രമമാണ്. കഴിഞ്ഞ അനുഭവമെടുത്താൽ ഓരോന്നും കടുത്ത ആഘാതം ഏൽപ്പിച്ചു. നാടിന് ഒരുമയോടെ നിൽക്കാനായി. ലോകത്താകമാനമുള്ള മലയാളികൾ ഒരുമയോടെ നിന്നും. ഓരോ ഘട്ടവും വിജയകരമായി കടന്നുവരാനായി.

ഏത് പ്രശ്നവും അവശേഷിക്കുന്ന ചില പ്രശ്നം ഉണ്ട്. പ്രളയം വരാതിരിക്കട്ടെ. വന്നാൽ നേരിടും. അതിജീവിക്കാനാവും. കേരളത്തിന്റെ ഒരുമയാണ് ഏറ്റവും വലിയ ശക്തി. കേരളത്തിലെ ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഏതിനെയും അതിജീവിക്കാനാവുമെന്ന ഉറപ്പ് നൽകുന്ന അടിസ്ഥാന ഘടകം. മഴക്കാലം വരുമ്പോൾ രോഗങ്ങൾ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. പകർച്ചപ്പനി കൂടുതലുണ്ടാകാറുണ്ട്. അതിനെ നേരിടാനുള്ള നടപടികൾ നേരത്തെയെടുത്തും. ആരോഗ്യവകുപ്പ് മുൻകരുതലെടുത്തു. തദ്ദേശ സ്ഥാപനങ്ങൾ ഓരോ പ്രദേശത്തും ആവശ്യമായ നടപടിയെടുക്കുന്നു. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി എല്ലായിടത്തും. ശുചീകരണ പ്രവർത്തനവും എടുത്തു. ഈ ഘട്ടത്തിലാണ് കൊവിഡ് വന്നത്. പലതും സ്തംഭിച്ചു. പൂർണ്ണമായ സ്തംഭനം ഉണ്ടായില്ല. ഇപ്പോൾ സാധാരണ ഗതിയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിൽ കേരളത്തിന് മുൻപില്ലാത്ത നഷ്ടം ഉണ്ടായി. 2018 ലെയും 19 ലെയും സ്ഥിതി ഉദാഹരണം. വലിയ തോതിൽ മഴ പെയ്താൽ ആ വെള്ളം കൃത്യമായി ഒഴുകിപ്പോകണം. നദികളിൽ അടിഞ്ഞ എക്കൽ മാറ്റണം. തോടും നദികളും നികന്നുപോയി. സാധാരണ നിലയിലുള്ള ആഴം പുനസ്ഥാപിക്കണം. അത്തരം നടപടികൾ തുടരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനുള്ള കാരണം പരിഹരിക്കുന്നതിന് ജൂൺ അഞ്ചിന് ഒരു കോടി വൃക്ഷത്തൈകൾ നടാനാണ് പദ്ധതിയുള്ളത്. എല്ലാ വീടുകളിലും പരിസരത്തുമായി ഒരു കോടി വൃക്ഷത്തൈ നടും. പലതും ഫലവൃക്ഷത്തൈകളാണ്. പച്ചപ്പ് കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന കാരണങ്ങളെ ചെറുക്കുന്നതിനുള്ള ഒരു കാരണമാണ്.

ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക്

കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പേർ വിദേശത്തുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ച് വരുന്ന ഇവരെല്ലാം പല മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരാണ്. ഇവരുടെ മികവ് സാധ്യതയാക്കി ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യും. ആളുകൾക്ക് മാത്രം മാറ്റം സംഭവിക്കുകയല്ല. സംസ്ഥാനത്ത് ചിലയിടത്ത് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിൽക്കുന്നുണ്ട്. ഇപ്പോൾ അത് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറണം. കേരളം ഏറ്റവും സുരക്ഷിതമായ മണ്ണാണെന്ന് ആരും പറയും. ഈ സാഹചര്യത്തിൽ കേരളത്തിന്റെ സാഹചര്യത്തിന് ചേരുന്ന വ്യവസായങ്ങൾക്ക് അവസരം ഒരുക്കും. ഒരു പുതിയ സ്ഥാപനം വരുമ്പോൾ അതിന്റെ സർക്കാർ പത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ട. അത് ഒരു വർഷത്തിനുള്ളിൽ നടപ്പാക്കിയാൽ മതി. ഇതിന് വേണ്ടി ഒരു ടീം പ്രവർത്തിക്കുന്നുണ്ട്. നല്ല പ്രതികരണം വരാനിടയുണ്ടെന്ന് പ്രതീക്ഷ. മോശമായ അവസ്ഥ വന്ന് അതിൽ കരഞ്ഞിരിക്കാതെ മുന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കും.

ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമ്പോൾ

താത്കാലിക ആവശ്യത്തിന് വരുന്നവർ അതിന്റേതായ പ്രോട്ടോക്കോൾ പാലിക്കണം. അവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമല്ല. അതേസമയം കേരളത്തിലേക്കായി വരുന്നവർ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈൻ പാലിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ഏതൊരാളും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. വ്യക്തികൾ അസുഖം വന്നാൽ അമ്മയുടെ അടുത്തേക്ക് എത്താൻ ആഗ്രഹിക്കുന്ന പോലെയാണിത്. അങ്ങിനെ വരുന്നവർ ഇവിടെ വരേണ്ടെന്ന നിലപാട് എടുക്കാനാവില്ല. നമ്മുടെ നാട്ടിലെ ജനങ്ങളെ പൂർണ്ണമായി വിശ്വസിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനം എടുക്കുന്നത്. രോഗം സമ്പർക്കത്തിലൂടെയാണ് പടരുന്നത്. സമ്പർക്കം ഇല്ലാതിരിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാം. അതിലൂടെ രോഗം പടരുന്നത് തടയാനാവും. കേരളത്തിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് വലിയ തോതിലായിട്ടില്ല. ഇന്നലെയാണ് 42 ലേക്ക് പോയത്. ഒന്നോ രണ്ടോ പേർക്കേ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചുള്ളൂ. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയാനായാൽ ഈ വെല്ലുവിളിയെ അതിജീവിക്കാം. എന്നാൽ കൊവിഡ് നിലനിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിന്റെ കരുതൽ നാട്ടിൽ വേണം. മാസ്ക് എല്ലാവരും ധരിക്കുന്നുണ്ട്. കൈ കൊടുക്കലും കെട്ടിപ്പിടിക്കലും ഒഴിവാക്കണം, ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യ ലഭ്യമല്ലാത്തവർക്ക്

സാങ്കേതിക വിദ്യയുടെ കാലത്തിലേക്ക് പോകുമ്പോൾ ഇപ്പോൾ അറിവില്ലാത്തവർ അതിലേക്ക് മാറേണ്ടി വരും. അതിൽ അറിവില്ലാത്തവർക്ക് വേണ്ട സൗകര്യം ഒരുക്കാൻ അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സൗകര്യമുണ്ടാവും. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളുണ്ടെങ്കിൽ അവരുടെ വീടുകൾക്കടുത്തുള്ള ലൈബ്രറികളെയും മറ്റും ഇതിനായി ആശ്രയിക്കാനാവുന്ന വിധത്തിൽ സാഹചര്യം ഉണ്ടാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ നടക്കുന്നു.

പരീക്ഷ നടത്തിപ്പിന്റെ മുൻകരുതൽ

പരീക്ഷ നടന്ന് തീരട്ടെയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്ന കുട്ടികളുടെ കാര്യത്തിലാണ് ആശങ്ക. ആ കുട്ടികൾ പരീക്ഷ എഴുതിക്കഴിഞ്ഞാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. താമസ സൗകര്യം ഇല്ലെങ്കിൽ സർക്കാർ സൗകര്യം ഒരുക്കും. ഇവിടെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ള കുട്ടികളെ ഒരു ഭാഗത്ത് പ്രത്യേകമായി ഇരുത്തും. നിരീക്ഷണത്തിൽ കഴിയുന്നയാളുള്ള വീട്ടിൽ നിന്നുള്ള കുട്ടിയെ പ്രത്യേകമായി ഇരുത്തും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടി ആദ്യം കുളിച്ച് വൃത്തിയായ ശേഷമേ വീട്ടിലുള്ളവരോട് ബന്ധപ്പെടാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടൊരു പ്രത്യേക സാഹചര്യം നേരിടുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം ആർക്കും പ്രവചിക്കാനാവുന്നില്ല. വികസിത രാഷ്ട്രങ്ങൾ സ്തംഭിച്ച് നിൽക്കുകയാണ്. കേരളത്തിന് ഇതുവരെ പിടിച്ചുനിൽക്കാനായി. ജനങ്ങളുടെ പങ്കാളിത്തമാണ് ഇതിന് കാരണം. എല്ലാവരും അർപ്പണബോധത്തോടെ പ്രവർത്തിച്ചു. ജനങ്ങളുടെ ഒരുമയാണ് പ്രധാന ശക്തി. ആ ഒരുമയോടെ മുന്നോട്ട് പോകാം. എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios