കാസർകോട്: സംസ്ഥാന എഞ്ചിനീയറിംങ്  പ്രവേശന പരീക്ഷയിൽ നാലും എട്ടും റാങ്കുകൾ നേടി ഇരട്ട സഹോദരൻമാർ. കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശികളായ സഞ്ജയും സൗരവുമാണ് മിന്നും വിജയം നേടിയത്.

മാവുങ്കാൽ കാട്ടുകുളങ്കര സൗപർണികയിൽ ഇത്തവണ ഇരട്ട റാങ്കിന്‍റെ തിളക്കം. എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയുടെ ഉത്തര സൂചിക വന്നതോടെ തന്നെ ആദ്യ പത്ത് സ്ഥാനക്കാരിൽ ഉണ്ടാകുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നു. 960 മാർക്കിൽ 870 മാർക്ക് നേടിയ സഞ്ജയ്ക്കാണ് നാലാം റാങ്ക്. 35 മാർക്കിന്‍റെ വ്യത്യാസത്തിൽ സൗരവിന് എട്ടാം റാങ്ക്.

സംസ്ഥാന പ്രവേശന പരീക്ഷയിൽ മിന്നും റാങ്ക് നേടിയെങ്കിലും ദേശീയ പ്രവേശന പരീക്ഷയിലാണ് ഇരുവരുടേയും ശ്രദ്ധ. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയും കടന്ന് ഐഐടിയാണ് ലക്ഷ്യം.

കാഞ്ഞങ്ങാട്ടെ വ്യാപാരി സി സുകുമാരൻ സിവിൽ പൊലീസ് ഓഫീസർ സി സുജാതയുടേയും മക്കളാണ് ഈ മിടുക്കർ. സഹോദരി സനേഹ തമിഴ്നാട് കേന്ദ്ര സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയാണ്