തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചതല്ലെന്നും പരസ്പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിന് ഇരയായ യുവതി സത്യവാങ്മൂലം നൽകി. ഹൈക്കോടതിയിലാണ് യുവതി സത്യവാങ്മൂലം നൽകിയത്. 

സത്യവാങ്മൂലം ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസിൽ റിമാൻഡിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം അനുവദിച്ചു. ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട്  ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചത്.

ഉദ്യോഗസ്ഥൻ്റെ നിർദേശപ്രകാരം കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി തിരുവനന്തപുരം പാങ്ങോടുള്ള ആരോഗ്യപ്രവർത്തകൻ്റെ വീട്ടിൽ യുവതി എത്തിയിരുന്നു. ഇവിടെ വച്ചു പീഡനം നടന്നുവെന്നായിരുന്നു യുവതി ആദ്യം പൊലീസിന് നൽകിയ മൊഴി. കുളത്തുപ്പുഴ സ്വദേശിയായ യുവതിയെ ആരോഗ്യ പ്രവർത്തകന്റെ ഭരതന്നൂരിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവിടെ നിന്നുമാണ് പീഡനം നടന്ന പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയത്.