തിരുവനന്തപുരം: യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ. കാരാളി സ്വദേശി ഷിബിനെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ സിപിഎം പാറശ്ശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 

പുതുവത്സരാഘോഷത്തിന് 100 രൂപ പിരിവ് നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയും ചക്ക വ്യാപാരിയുമായ സെന്തിലിനെ പ്രദീപും ഷിബിനും അടങ്ങിയ സംഘം ആക്രമിച്ചെന്നാണ് പരാതി. ഇയാളുടെ നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കുകയും ആളൊഴിഞ്ഞ പറമ്പിൽ വച്ച് മർദിക്കുകയും ചെയ്തു. വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് തുടയെല്ലുകളും വാരിയെല്ലും പൊട്ടിയ നിലയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സെന്തിൽ.