കൊച്ചിയിൽ മയക്കുമരുന്ന് സംഘത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ അൻസിൽ ഷാ, ഷിനാസ് എന്നിവരാണ് പിടിയിലായത്. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് CC 3/820 വീട്ടിൽ അൻസിൽ ഷാ (27), മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ 6/670 അസ്രാജ് ബിൽഡിങ്ങിൽ ഷിനാസ് (28) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച് പരിശോധനക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി വില്ലേജ് പുതിയ റോഡ് ജംഗ്ഷനിലെ ബാലൻ ചേട്ടന്റെ ചായക്കട എന്ന ഹോട്ടലിന്റെ മുൻവശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി എസ്ഐ ജിമ്മി ജോസും സിപിഒമാരായ വിനീഷും വിഎസ് സുനിലും ഇവിടെയെത്തിയിരുന്നു. മൂവരും കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ ഡാൻസാഫ് ll വിങ്ങിലാണ് പ്രവർത്തിക്കുന്നത്. ഈ സമയത്താണ് അൻസിൽ ഷായും ഷിനാസും സ്‌കൂട്ടറിൽ ഇവിടേക്ക് വന്നത്. പൊലീസുകാരോട് ഇരുവരു അസഭ്യ വാക്കുകൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തെന്നുമാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും കുറ്റമുണ്ട്.

എന്താണ് ഈ സംഭവത്തിൻ്റെ പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രതികളായ ഇരുവരും മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു. പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയാണ് ഇവരെന്നും പൊലീസ് ആരോപിക്കുന്നു. ഭവന ഭേദനം, മോഷണം, ദേഹോപദ്രവം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, ലഹരി മരുന്ന് കച്ചവടം തുടങ്ങി ഏഴ് കേസുകളിൽ പ്രതിയാണ് അൻസിൽ ഷാ. സമാനമായ ഒൻപത് കേസുകളിൽ ഷിനാസിനെതിരെയും മട്ടാഞ്ചേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നാലെ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഉമേഷ് ഗോയലിന്റെ നിർദ്ദേശം അനുസരിച്ചാണ് പ്രതികളെ പിടികൂടിയത്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷ൯ ഇൻസ്പെക്ടർ കെ.എ ഷിബിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്ഐ ജിമ്മി ജോസ് സിവിൽ പൊലീസ് ഓഫീസർമാരായ വിനീഷ്, സുനിൽ. വി.എസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പിന്നീട് കോടതിയിൽ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.