Asianet News MalayalamAsianet News Malayalam

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശി പൗരന്‍മാര്‍ അറസ്റ്റില്‍

കൊലപാതക വിവരം പുറത്തറിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പേയാണ് പ്രതികളെന്ന് സംശയിക്കുന്നവരെ വിശാഖപട്ടണത്ത് നിന്നും പിടികൂടിയിരിക്കുന്നത്. 

Two Bangladeshi Citizens Arrested in Relation with mureder of old couples in chengannur
Author
Chengannur, First Published Nov 13, 2019, 10:05 AM IST

ചെങ്ങന്നൂര്‍: തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്‍മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്.  കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോന്‍ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കുടുംബസുഹൃത്തുകള്‍ക്കൊപ്പം ചെറിയാനും ലില്ലിയും 
ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും സുഹൃത്തുകള്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കള്‍ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

അടുക്കളയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. വിവരമറി‍ഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് ചെറിയാനെ കൊന്നത് എന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്. 

മണ്‍വെട്ടി കൊണ്ട് അടിച്ചും വെട്ടിയുമാണ് ലില്ലിയെ കൊന്നതെന്നാണ് എന്നാണ് പ്രാഥമിക അനുമാനം.മൃതദേഹത്തിന് അടുത്ത് നിന്ന് ഒടിഞ്ഞ നിലയില്‍ മണ്‍വെട്ടി കണ്ടെത്തിയിട്ടുണ്ട്. പിടിവലി നടന്നെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വീടാകെ അലങ്കോലമായി കിടക്കുകയായിരുന്നു. മുറിയിലെ അലമാരകള്‍ തുറന്ന് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കൊണ്ടു വച്ച പാല്‍ക്കുപ്പി വീടിന് മുന്നില്‍ തന്നെയുള്ളതിനാല്‍ ആ സമയത്താവാം കൊലപാതകങ്ങള്‍ നടന്നത് എന്ന് പൊലീസ് വിലയിരുത്തുന്നു. ഈ സമയം  കനത്ത മഴയായതിനാലാവാം ഇതൊന്നും പരിസരവാസികളും അറിഞ്ഞില്ല. 

ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവർ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം കാണാതായ ഇവർ സംസ്ഥാനം വിട്ടതായുള്ള നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യയിലെ ആര്‍പിഎഫ്, റെയില്‍വേ പൊലീസ് സ്റ്റേഷനുകളില്‍ പൊലീസ് വിവരം കൈമാറി.  ഇരുവർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിശാഖപട്ടണത്ത് വച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന കോറാമണ്ഡല്‍ എക്സ്പ്രസ്സില്‍ നിന്നും പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂരില്‍ തീവണ്ടി മാര്‍ഗ്ഗം ചെന്നൈയില്‍ എത്തിയ പ്രതികള്‍ അവിടെ നിന്നും ബംഗാളിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പേ പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായത് പൊലീസിന് നേട്ടമായി. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ബിബു ചെറിയാന്‍, ബിന്ദു, പരേതയായ ബീന എന്നിവരാണ് ചെറിയാന്‍- ദമ്പതികളുടെ മക്കള്‍. മരുക്കള്‍: ഷൈനി, രഞ്ജിത്ത്. എല്ലാവരും വിദേശത്താണ്. 

Follow Us:
Download App:
  • android
  • ios