കൊച്ചിയിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻതോതിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. നോർത്ത് പറവൂർ സ്വദേശി സിദ്ദീഖിനെയും പുതുവൈപ്പ് സ്വദേശി ലിനോജിനെയുമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത്. ഒരാൾക്ക് ലഹരിമരുന്ന് എത്തിച്ചത് കൊടുംകുറ്റവാളിയാണെന്നും മറ്റൊരാൾ ബംഗളൂരുവിൽ നിന്ന് ലഹരി കടത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ രാസലഹരി വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻതോതിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. നോർത്ത് പറവൂർ സ്വദേശി സിദ്ദീഖ് (28), പുതുവൈപ്പ് സ്വദേശി ലിനോജ് (23) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലഹരിമരുന്ന് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

കളമശ്ശേരി വട്ടേക്കുന്നം സി.പി നഗറിൽ നിന്നാണ് നോർത്ത് പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ സിദ്ദീഖിനെ സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. ഇയാളിൽ നിന്ന് 30 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തൃക്കാക്കരയിൽ നേരത്തെ ലഹരിമരുന്നുമായി പിടിയിലായ കൊടുംകുറ്റവാളി കെവിൻ ബി മാത്യുവാണ് സിദ്ദീഖിന് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് പോലീസ് കണ്ടെത്തി. കെവിന്റെ നേതൃത്വത്തിലുള്ള വലിയൊരു ലഹരി ശൃംഖലയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പനങ്ങാട് മാടവനയ്ക്ക് സമീപത്തുനിന്നാണ് പുതുവൈപ്പ് ചുള്ളിക്കൽ വീട്ടിൽ ലിനോജിനെ പിടികൂടിയത്. ഇയാളുടെ കൈവശം 46.28 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. എറണാകുളത്ത് എ.സി മെക്കാനിക്കായി ജോലി ചെയ്യുന്ന ലിനോജ്, ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസ്സിൽ ലഹരിമരുന്നുമായി വന്നിറങ്ങിയപ്പോഴാണ് പോലീസിന്റെ വലയിലായത്.

ഡി.സി.പിമാരായ അശ്വതി ജിജി ഐ.പി.എസ്, ഷഹിൻഷാ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. കൊച്ചി നഗരത്തിലെ ലഹരി മാഫിയകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. ഇവരുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.