സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ ആവശ്യമാണെന്നും തിടുക്കത്തിൽ നടപ്പാക്കില്ലെന്നും എക്സൈസ് മന്ത്രി എം ലിജു നിലപാട് വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി വിവാദം നിലനിൽക്കെ, ഈ നീക്കം മദ്യകമ്പനികളെ സഹായിക്കാനാണെന്നും പിന്നിൽ കർണാടക മദ്യലോബിയാണെന്നും സിപിഎം ആരോപിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽപ്പന നടത്തുന്നത് ചർച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്ന നിലപാടിൽ എക്സൈസ് മന്ത്രി എം ലിജു. വിഷയത്തിൽ വിശദമായ ചർച്ചകൾ വേണമെന്ന നിലപാടിലാണ് മന്ത്രി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം സമൂഹത്തിൽ ഉണ്ടാക്കാവുന്ന സ്വാധീനത്തെക്കുറിച്ച് വിവിധ തലങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. എൽ.ഡി.എഫ് മുന്നോട്ടുവെച്ച മദ്യനയ ശുപാർശകൾ കൃത്യമായ മുൻഗണനകളും പരിശോധനകളും ഇല്ലാതെ പെട്ടെന്ന് നടപ്പിലാക്കില്ലെന്ന് എക്സൈസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വീര്യം കുറഞ്ഞ മദ്യത്തിൽ ക്യാബിനറ്റിലും തർക്കം ?
വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് കൊണ്ടു വരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി യുഡിഎഫിലും പുറത്തും വിവാദം കത്തിപ്പടരുകയാണ്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഘടന പ്രഖ്യാപിച്ചത് എക്സൈസ് മന്ത്രി അറിയാതെയാണെന്നാണ് സൂചന. വീര്യം കുറഞ്ഞ കൂടുതൽ മദ്യം എന്ന ആശയം കഴിഞ്ഞ സർക്കാർ തള്ളിയതാണ്. നയപരമായ മാറ്റമെങ്കിൽ എക്സൈസ് വകുപ്പാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യം പാര്‍ട്ടിയിൽ ചര്‍ച്ചയാകാനാണ് സാധ്യത. വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.
മുഖ്യമന്ത്രി വി. ഡി സതീശന്റെ പുതിയ തീരുമാനത്തിന് പിന്നിൽ കർണാടക മദ്യലോബിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.


