തിരുവനന്തപുരം: സെൻട്രൽ സ്‌റ്റേഡിയത്തിൽ പരിശീലനത്തിടെ ഗോൾ പോസ്റ്റ് തലയിൽ വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. ആകാശ്, അരുൺ എന്നിവർക്കാണ് പരിക്ക്. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

എറണാകുളം റവന്യൂ കായികമേളയുടെ സംഘാടനത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടായെന്ന വാ‌ർത്തകൾ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തു നിന്നും അനിഷ്ടസംഭവം റിപ്പോ‌ർട്ട് ചെയ്യപ്പെടുന്നത്. എറണാകുളം റവന്യൂ കായികമേളയിലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിനിടെ പരുക്കേറ്റ കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് അര മണിക്കൂറിന് ശേഷം മാത്രമാണ്. മത്സരാര്‍ത്ഥികള്‍ക്ക് കുടിവെള്ളം പോലും ഒരുക്കാത്തതിന് എതിരെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടൻ ഉള്‍പ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Read More: പരിക്കേറ്റ കുട്ടിയെ മാറ്റാന്‍ പോലും ആളില്ല; എറണാകുളം റവന്യൂ മീറ്റില്‍ ഗുരുതര വീഴ്ച

പാലായിലെ ജൂനിയര്‍ അത്‍ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീല്‍‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും വീണ്ടും വീഴ്ചകളുണ്ടാകുന്നത്. മത്സരങ്ങൾ പെട്ടെന്ന് നടത്തി തീർക്കാനുള്ള സംഘാടകരുടെ ശ്രമമാണ് അഫീലിന്‍റെ ജീവനെടുത്തത്.

അപകട സാധ്യതയുള്ള രണ്ട് മത്സരയിനം ഒരേസമയം നടത്തരുതെന്ന ചട്ടം മറികടന്നായിരുന്നു പാലായിലെ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് നടന്നത്. അപകടസാധ്യത ഏറെയുള്ള ജാവലിൻ ത്രോയും ഹാമർ ത്രോയും ഒരേസമയം നടത്തിയതാണ് അപകടം ക്ഷണിച്ച് വരുത്തിയത്.