കൊച്ചി: പാലായിലെ ജൂനിയര്‍ അത്‍ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിട്ടും ആരും ഒന്നും പഠിക്കുന്നില്ല. അതിന്‍റെ നേര്‍ക്കാഴ്ചയാണ് കോതമംഗലം എം എ കോളേജില്‍ നടക്കുന്ന എറണാകുളം റവന്യൂ കായികമേള. കായിക മേളയിലെ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

മത്സരത്തിനിടെ പരുക്കേറ്റ് വീണ കുട്ടിയെ ഗ്രൗണ്ടിൽ നിന്ന് മാറ്റുന്നതില്‍ പോലും വലിയ വീഴ്ചയുണ്ടായി. അര മണിക്കൂറിന് ശേഷമായിരുന്നു കുട്ടിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിനിടെ ഇളന്തിക്കര ഹൈസ്കൂളിലെ ഐവിൻ ടോമിയാണ് പരുക്കേറ്റ് വീണത്. ഡോക്ടര്‍ ഓടിയെത്തിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനായത് അര മണിക്കൂറിന് ശേഷം മാത്രമായിരുന്നു. സ്ട്രെച്ചര്‍ ചുമക്കാൻ ആളില്ലാത്തതിനാലാണ് കുട്ടിയെ ഗ്രൗണ്ടില്‍നിന്ന് മാറ്റാത്തതെന്ന് മെഡിക്കല്‍ സംഘത്തിന്‍റെ വിശദീകരണം. ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടൻ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധമുയര്‍ത്തി.

കൃത്യമായ ചികിത്സാ സൗകര്യം ഒരുക്കാത്തത് ഗുരുതര വീഴ്ചയെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കുട്ടികൾക്ക് കുടിവെള്ളം പോലും ഒരുക്കിയിട്ടില്ലെന്നും സിന്തറ്റിക് ട്രാക്കിലല്ലാതെ മത്സരം നടത്തുന്നത് ശരിയല്ലെന്നും മേഴ്സി കുട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷത്തെ സംസ്ഥാന ചാമ്പ്യൻമാരായ കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ നിന്ന് ഒരാൾ പോലും എറണാകുളം റവന്യൂ മീറ്റിനില്ല. റവന്യൂ മീറ്റിലേക്ക് യോഗ്യത ഉണ്ടായിരുന്നത് ഒരാൾക്ക് മാത്രമായിരുന്നു. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പങ്കെടുക്കേണ്ടിയിരുന്ന വിദ്യാർത്ഥി മത്സരത്തിന് എത്തിയില്ല.