കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ കാര്യത്തിൽ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യുറോ യോഗത്തിലും ഉണ്ടായിരുന്നു
ദില്ലി: രണ്ട് ദിവസത്തെ സിപിഎം (CPIM) പോളിറ്റ് ബ്യൂറോ (Polit Buro) യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. പാർടി കോൺഗ്രസിൽ (Party Congress) അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നൽകാനാണ് പിബി ചേരുന്നത്. അടുത്തമാസം ആദ്യം ഹൈദരാബാദിൽ ഇതിനായി കേന്ദ്ര കമ്മിറ്റിയും (CPIM Central Committee) ചേരും.
കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ കാര്യത്തിൽ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യുറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാർടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമബംഗാൾ പോലുള്ള ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യമാകാമെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന പൊതുനിലപാടാകും പിബിയിൽ ഉണ്ടാവുക.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും. രാജ്യത്ത് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കവും യോഗം ചർച്ച ചെയ്യും. കെ - റെയിൽ അടക്കമുള്ള കേരളത്തിലെ വിവാദ വിഷയങ്ങൾ പിബിയിൽ ചർച്ചക്ക് വരില്ലെന്നാണ് സൂചന.
