Asianet News MalayalamAsianet News Malayalam

ചുട്ടുപൊള്ളി കേരളം; 2 പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം ഏറ്റെന്ന് സംശയം

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിലും തിരുവനന്തപുരം പാറശാലയിലും കുഴഞ്ഞു വീണ് മരിച്ച രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുണ്ട്. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുളളതിനാല്‍ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്.

two deaths suspected in kerala due to sun stroke
Author
Trivandrum, First Published Mar 24, 2019, 2:24 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം പാറശാലയിലും  പത്തനംതിട്ട മാരാമണ്ണിലും രണ്ട് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർഎസ്‍പി നേതാവിനും സൂര്യാഘാതമേറ്റു. കണ്ണൂർ വെള്ളോറയിലെ വൃദ്ധന്‍റെ മരണം സൂര്യതാപം മൂലമല്ല എന്ന് കണ്ടെത്തി. 

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽ അറുപതുകാരനെ പമ്പയാറിന്‍റെ തീരത്തുള്ള വഴിയരുകിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം സൂര്യാഘാതം മൂലമാണെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‍മോർട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വിശദമാക്കി

തിരുവനന്തപുരത്ത് പാറശ്ശാലയില്‍ ഒരാള്‍ കുഴ‍ഞ്ഞു വീണു മരിച്ചതും സൂര്യാഘാതം കാരണമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. 

അബോധാവസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടനെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ. വയലില്‍ പണിയെടുക്കുകയായിരുന്നു കരുണാകരനെന്നും ഇതിനിടയില്‍ സൂര്യാഘാതമേറ്റതാവാം എന്നുമാണ് സംശയിക്കുന്നത്. 

ഇതിന് പുറമേ കേരളത്തിൽ മറ്റ് രണ്ട് ജില്ലകളിൽ നിന്നും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കൊല്ലം പുനലൂരിൽ വച്ച് ആർഎസ്‍പി മണ്ഡലം സെക്രട്ടറി നാസർ ഖാന് സൂര്യാഘാതമേറ്റത്. കാസർകോട്ട് മൂന്ന് വയസുകാരിയായ കുമ്പള സ്വദേശി മൂന്ന് വയസുകാരി മർവ്വക്കും ഇന്ന് സൂര്യാഘാതമേറ്റു.

ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള മുന്നറിയിപ്പ് ഇതിനോടകം കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ താപനില രണ്ട് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

ഉഷ്ണതരംഗത്തിന് സാധ്യതയുളളതിനാല്‍ 11മണി മുതല്‍ 3മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നൽകി. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക,തൊഴില്‍ സമയം പുനക്രമീകരിക്കുക തുടങ്ങിയ മുന്‍കരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios