തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നെടുമങ്ങാട് സ്വദേശിയായ ബാബുവിനും പൂവച്ചല്‍ സ്വദേശിയായ ലീലയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബാബു ഇന്ന് വൈകിട്ട് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 

ഈ മാസം 24 ന് ശ്വാസ തടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ബാബുവിനെ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഇന്ന് ഉച്ചയ്‍ക്ക് ബാബുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയ ബാബു വൈകിട്ട് അഞ്ചേമുക്കാലോടെ മരിക്കുകയായിരുന്നു.

പൂവച്ചലില്‍ ഇന്നലെ രാവിലെ മരിച്ച വീട്ടമ്മ ലീലയ്ക്ക് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രമേഹം കൂടുതലായതിനെ തുടര്‍ന്ന് ലീല ചികിത്സ തേടിയിരുന്നു. 24 ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും 28 ന് വീണ്ടും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

 

അതേസമയം കേരളത്തിൽ കൊവിഡ് മരണസംഖ്യ ഉയരുകയാണ്. നേരത്തെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) അടക്കം നാലുപേര്‍ക്ക് ഇന്ന് രോഗം രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ന്യുമോണിയ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജൂലൈ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.

കൊല്ലത്തും കോഴിക്കോടുമാണ് ഇന്ന് മറ്റ് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം. 

കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദിന്റേത് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍.

തൃപ്പൂണിത്തുറ സ്വദേശിനി ആശുപത്രിയിൽ മരിച്ചു