മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്.

കോഴിക്കോട്: വടകര ചോമ്പാലയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോള്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കടലിലകപ്പെട്ട അച്യുതനേയും അസീസിനേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി , ചര്‍ച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. അതേസമയം പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

വിഴിഞ്ഞം സമരം ന്യായമെന്ന് സിപിഐ, തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്തെ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെട്ടു.